
പൂവാർ: നെയ്യാറ്റിൻകര താലൂക്കിലെ സി.പി.എം സ്ഥാപക നേതാക്കളിൽ ഒരാളും, പൂവാർ ഗ്രാമപഞ്ചാത്ത് മുൻ പ്രസിഡന്റുമായ അരുമാനൂർ ഭാരതി സദനത്തിൽ കെ.എസ്. ആനന്ദൻ (89) കാറപകടത്തിൽ മരിച്ചു. അരുമാനൂർ എം.വി.ഹയർ സെക്കൻഡറി സ്കൂളിന് മുൻവശത്ത് നടന്ന അപകടത്തിൽ സാരമായി പരിക്കേറ്റ ആനന്ദൻ രാത്രി 10ഓടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചാണ് മരിച്ചത്.
സി.പി.എം നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റി അംഗം, പൂവാർ എൽ.സി സെക്രട്ടറി, കർഷക സംഘം ഏരിയാ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. അരുമാനൂർ എം.വി ഹയർ സെക്കൻഡറി സ്കൂൾ റിട്ടേ. അദ്ധ്യാപകനാണ്. ഭാര്യ: പരേതയായ വിജയാനന്ദ ഭാരതി (റിട്ട. ടീച്ചർ). മക്കൾ: ഗീതാനന്ദ ഭാരതി (റിട്ട.ജെ.പി.എച്ച്.എൻ, ആരോഗ്യ വകുപ്പ്), ശാന്തി വിജയ ഭാരതി (ഐ.സി.ഡി.എസ് സൂപ്പർ വൈസർ). മരുമക്കൾ. സജീവ് കുമാർ പി.ആർ (റിട്ട്.എച്ച്.എം), രവീന്ദ്രൻ നായർ .എസ് (റിട്ട.കെ.എസ്.ആർ.ടി.സി). മൃതദേഹം പൂവാർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ പൊതുദർശനത്തിന് വച്ച ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.