തിരുവനന്തപുരം: നഷ്ടപ്പെട്ട ബാഗ് കണ്ടെത്തി നൽകിയതിൽ പൊലീസിന്റെ ആത്മാർത്ഥതയ്ക്കും സത്യസന്ധതയ്ക്കും നന്ദി അറിയിച്ച് ബംഗളുരു സ്വദേശി. വിനോദ സഞ്ചാരത്തിനിടെയാണ് കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ സ്ഥിര താമസക്കാരനായ ബംഗളുരു സ്വദേശിയായ ദന്തഡോക്ടർ രാഘവേന്ദ്ര ഓലെറ്റിയുടെ മൂന്നുലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങളടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്.

കഴിഞ്ഞ 12ന് കേരളത്തിലെത്തിയ രാഘവേന്ദ്രയും കുടുംബവും തലസ്ഥാന നഗരിയിലും വേളി ടൂറിസ്റ്റ് വില്ലേജിലുമെത്തിയിരുന്നു. അവിടെ നിന്ന് കന്യാകുമാരിക്ക് പുറപ്പെടുമ്പോഴാണ് ബാഗ് നഷ്ടപ്പെടുന്നത്. വേളി ടൂറിസ്റ്റ് വില്ലേജിൽ ഉടമസ്ഥനില്ലാതെ ബാഗ് കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ബാഗിലുണ്ടായിരുന്ന വാലറ്റിലെ ബിസിനസ് കാർഡുകളുടെയും ഐഫോണിന്റെ ഐ.പി അഡ്രസിന്റെയും സഹായത്തോടെയാണ് പൊലീസ് ഉടമസ്ഥനെ തിരിച്ചറിഞ്ഞത്. ശംഖുംമുഖം അസി.കമ്മിഷണർ പൃഥ്വിരാജും സംഘവുമാണ് ബാഗ് തിരികെ നൽകുന്നതിന് നേതൃത്വം നൽകിയത്. നഷ്ടപ്പെട്ടവ തിരികെ ലഭിച്ചതിൽ നന്ദി അറിയിച്ച് രാഘവേന്ദ്ര ഡി.ജി.പിക്ക് അയച്ച കത്ത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.