
തീരശോഷണത്തിന് കാരണം തുറമുഖ നിർമ്മാണമല്ലെന്ന് ബോധിപ്പിക്കും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം നിറുത്തിവച്ച് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന ആവശ്യത്തിൽ ലത്തീൻ അതിരൂപത ഉറച്ചുനിൽക്കെ ഒരാഴ്‌ചയ്‌ക്കകം മുഖ്യമന്ത്രി പ്രതിഷേധക്കാരുമായി നടത്തുന്ന ചർച്ച നിർണായകമാകും. നിർമ്മാണം നിറുത്തിവയ്‌ക്കരുതെന്നും സെപ്‌തംബർ ആദ്യവാരം തന്നെ പുനരാരംഭിക്കണമെന്നുമാണ് തുറമുഖ വകുപ്പിന്റെ നിലപാട്.
തുറമുഖ നിർമ്മാണമാണ് തീരശോഷണത്തിന് കാരണമെന്ന വാദം പഠനങ്ങളുടെ അടിസ്ഥാനത്തിൽ തള്ളാനാണ് വകുപ്പിന്റെ ശ്രമം. ഇതിന്റെ ഭാഗമായി വിസിലിന്റെ ( വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡ് ) കൈവശമുള്ള വിവിധ പഠനറിപ്പോർട്ടുകൾ പ്രതിഷേധക്കാരെ ബോധിപ്പിക്കും. എൻ.ഐ.ഒ.ടി (നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യൻ ടെക്‌നോളജി ), എൻ.ഇ.എസ് ( നാഷണൽ എർത്ത് സയൻസ് ), സി.ഡബ്ല്യു.പി.ആർ.എസ് ( ദി സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്‌റ്റേഷൻ ) എന്നിവയുടെ പഠനങ്ങളും തീരശോഷണത്തിനോ തീരമുണ്ടാകുന്നതിനോ കാരണം തുറമുഖ നിർമ്മാണമാണെന്ന് പറയുന്നില്ല. വലിയതുറയിലും ശംഖുംമുഖത്തും കാലവർഷത്തിൽ തീരശോഷണം സംഭവിക്കുകയും അല്ലാത്ത സമയത്ത് തീരം രൂപപ്പെടുന്ന പ്രക്രിയയുമാണ് കാലാകാലങ്ങളിൽ ഉണ്ടായിരുന്നതെന്ന് ഉന്നതവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. 2017ലെ ഓഖിക്ക് ശേഷമാണ് ഇതിന് മാറ്റം വന്നത്. തുടർച്ചയായി ഉണ്ടാകുന്ന ചുഴലിക്കാറ്റ്, ന്യൂനമർദ്ദങ്ങൾ എന്നിവമൂലം തീരമുണ്ടാകുന്നതിന് കാലതാമസമുണ്ടാകുന്നുണ്ട്. 2005ലാണ് ശുംഖുംമുഖത്ത് വലിയ രീതിയിൽ തീരശോഷണമുണ്ടായത്. പിന്നീട് 2017വരെ വലിയ പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്നും അധികൃതർ പറയുന്നു.
പദ്ധതി തീരശോഷണമുണ്ടാകുമെന്ന് ആശങ്കയുണ്ടായതിനെ തുടർന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ വിഷയത്തിൽ ഇടപെട്ടിരുന്നു. തുടർന്ന് തീരശോഷണവും പാരിസ്ഥിതിക ആഘാതവും പഠിക്കാൻ രണ്ട് വിദഗ്ദ്ധ സമിതികളെ നിയോഗിച്ചു. ആറുമാസം കൂടുമ്പോൾ ഈ സമിതിയിലെ അംഗങ്ങൾ സ്ഥലം സന്ദർശിച്ച് പഠനം നടത്തുന്നുണ്ട്. ഇവർ പങ്കെടുത്ത യോഗം കഴിഞ്ഞയാഴ്‌ചയും വിസിലിന്റെ നേതൃത്വത്തിൽ ചേർന്നിരുന്നു.
അതേസമയം നാളെ നടക്കുന്ന മന്ത്രിതല സമിതിയുടെ ചർച്ചയ്‌ക്ക് ശേഷം മത്സ്യത്തൊഴിലാളികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്തിമതീരുമാനമുണ്ടാകും. മണ്ണെണ്ണ സംബന്ധിച്ച പ്രശ്‌നങ്ങൾക്ക് ബുധനാഴ്‌ചത്തെ ക്യാബിനറ്റോടെ തീരുമാനമാകും. മറ്റ് ആവശ്യങ്ങളിലും ധാരണയായതോടെ സമരം വൈകാതെ ശാന്തമാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.