
മുടപുരം: കിഴുവിലം ഗ്രാമപഞ്ചായത്തിലെ മേലേചിറ- നെടിയവിള- പൊയ്കവിള റോഡിന്റെ ശോചനീയാവസ്ഥ കാരണം ദുരിതത്തിലായത് ഈ വഴി യാത്രചെയ്യുന്ന നിരവധിപേരാണ്. പൊയ്‌കവിള ക്ഷേത്രത്തിലേക്ക് പോകുന്നതിനും ആശ്രയമായ ഈ റോഡ് ചെറിയ മഴ പെയ്താൽ തന്നെ ചെളിക്കളമാകും. പിന്നെ വാഹനങ്ങൾക്ക് മാത്രമല്ല കാൽനടയാത്രയ്ക്കുപോലും കഴിയാത്ത അവസ്ഥയാകും. മഴക്കാലമായാൽ റോഡിനിരുവശവും താമസിക്കുന്ന മുപ്പതോളം കുടുംബങ്ങൾക്ക് യാത്രയ്ക്ക് ദുരിതകാലമാണ്. ഈ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട് അനേക വർഷങ്ങളായെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാരോട് അധികൃതർ കാട്ടുന്ന അവഗണന മൂലമാണ് ഈ റോഡ് ടാർചെയ്യാത്തതെന്നാണ് പൊതുവായ ആക്ഷേപം.
പരാതി നൽകിയിട്ടും...
നാട്ടുകാരുടെ യാത്രാ ദുരിതം പരിഹരിക്കണമെന്ന് അധികൃതരോട് അനേക വർഷങ്ങളായി ആവശ്യപ്പെട്ടിട്ടും പരിഹാരം കാണുന്നില്ല. ഈ ദുരവസ്ഥ പരിഹരിക്കാൻ റോഡ് ടാർ ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഈ ആവശ്യം ഉന്നയിച്ച് നിരവധി തവണ എം.എൽ.എയ്ക്ക് നിവേദനം നൽകിയിട്ടും ഫണ്ട് അനുവദിച്ചിട്ടില്ലെന്ന് ഗ്രാമ പഞ്ചായത്ത് മെമ്പർ സലീന റഫീഖ് പറഞ്ഞു.
പുതിയ റോഡുകൾ ടാർചെയ്യാൻ ഗ്രാമപഞ്ചായത്തിന് കഴിയുന്നില്ലെന്നും പഴയ റോഡുകളുടെ പണി മാത്രമേ ചെയ്യാൻ കഴിയുന്നുള്ളൂ എന്നുമാണ് ബന്ധപ്പെട്ടവർ നൽകുന്ന മറുപടി. വീതിയില്ലാത്തതുമൂലം ഈ റോഡിനെ പുതുക്കിപ്പണിത് ടാർചെയ്യുന്നതിനായി പല ഫണ്ടും അനുവദിക്കാൻ കഴിയാത്ത അവസ്ഥയാണ്. 4 മീറ്റർ വീതിയേ റോഡിനുള്ളൂ. ഇതുമൂലം ജില്ലാപഞ്ചായത്ത്, നേരത്തെ 10 രൂപ അനുവദിച്ചെങ്കിലും പണി ചെയ്യാൻ കഴിഞ്ഞില്ല.