political

തിരുവനന്തപുരം: ചാൻസലറുടെ അധികാരം കവരുന്ന ബിൽ ഈ സഭാസമ്മേളനത്തിലെടുക്കാതെ അനുനയമെന്ന സൂചന സർക്കാർ നൽകിയെങ്കിലും ഇന്നലെ കേരള യൂണിവേഴ്സിറ്റി സെനറ്റ് ഗവർണർക്കെതിരെ പ്രമേയം പാസാക്കിയതോടെ ആരിഫ് മുഹമ്മദ് ഖാൻ ശക്തമായ തിരിച്ചടിക്ക് നീക്കം തുടങ്ങി.

എല്ലാ സർവകലാശാലകളിലെയും സി.പി.എമ്മിന്റെ മൂന്ന് വർഷത്തെ ബന്ധു നിയമനങ്ങളും ഫണ്ട് വിനിയോഗത്തിലെ ക്രമക്കേടുകളും പിടിക്കാനും കേരള, കണ്ണൂർ വി.സിമാർക്കെതിരെ നടപടിയെടുക്കാനുമാണ് ഗവർണറുടെ പുറപ്പാടെന്നാണ് സൂചന. വി.സി നിയമനത്തിന് ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെയായിരുന്നു സെനറ്റ് പ്രമേയം.

നാളെ മുതൽ ചേരുന്ന നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർ ഒപ്പിടുമോയെന്ന സംശയവും ഇതോടെ ബലപ്പെട്ടു. ഗവർണർ ഇടയുന്നത് ഭരണസ്തംഭനത്തിലേക്ക് വരെ കാര്യങ്ങളെത്തിക്കാമെന്നിരിക്കെ അനുനയം ഇനി ഏതുനിലയിലെന്ന ചോദ്യവും സർക്കാരിനെ അലട്ടുകയാണ്.

ബന്ധു നിയമനങ്ങൾ പരിശോധിക്കാനുള്ള ജുഡിഷ്യൽ കമ്മിഷനെ നിയമിക്കാൻ ഗവർണർ ഹൈക്കോടതി ചീഫ്ജസ്റ്റിസുമായി ആശയവിനിമയം നടത്തിയതായി സൂചനയുണ്ട്. ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയെയോ വിരമിച്ച ജഡ്ജിയെയോ നിയമിക്കാനാണ് നീക്കം. 24ന് ഡൽഹിയിൽ നിന്ന് വന്ന ശേഷം ഗവർണർ അന്വേഷണം പ്രഖ്യാപിക്കും.

സി.പി.എം നേതാക്കളുടെ ബന്ധുക്കൾക്ക് നിയമനം നൽകിയതാവും പ്രധാനമായി അന്വേഷിക്കുക. ഇവ രാഷ്ട്രീയ നിയമനങ്ങളാണെന്നും വി.സി നിയമനത്തിന് പുതിയ നിയമം കൊണ്ടുവരുന്നത് ബന്ധുനിയമനം എളുപ്പത്തിലാക്കാനാണെന്നും ഗവർണർ തുറന്നടിച്ചു.

പാർട്ടിയുടെ ആക്രമണം

സെനറ്റ് പ്രമേയം പാസാക്കിയ അസാധാരണ നടപടിക്ക് പിന്നിൽ സി.പി.എമ്മിന്റെ രാഷ്‌ട്രീയ തീരുമാനമാണെന്ന് ഗവർണർ കരുതുന്നു. ഗവർണറെ അതിനിശിതമായി വിമർശിച്ച് കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലൻ ഇന്നലെ പാർട്ടി പത്രത്തിൽ ലേഖനവും എഴുതി. ഇത് പരോക്ഷമായി സർക്കാരിന്റെ ആക്രമണം തന്നെയാണെന്ന് ഗവർണർ കരുതുന്നു. ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റണമെന്ന ഉന്നതവിദ്യാഭ്യാസ പരിഷ്കരണ സമിതിയുടെ ശുപാർശയിലും സർക്കാർ നിയമനിർമ്മാണത്തിന് ഒരുങ്ങുമെന്നും കരുതുന്നു.

കണ്ണൂർ,​ കേരള വി.സിമാർ കണ്ണിലെ കരട്

കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രനും കേരള വി.സി ഡോ. വി.പി. മഹാദേവൻപിള്ളയും ഗവർണറുടെ കണ്ണിലെ കരടുകളാണ്. രാഷ്ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് നൽകാത്തതിൽ ഗവർണർ കേരള വി.സി ഡോ.വി.പി.മഹാദേവൻ പിള്ളയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. പ്രമേയം പാസാക്കാൻ അനുവദിച്ചതാണ് പുതിയ പ്രകോപനം. പ്രമേയം വി.സിക്ക് തടയാമായിരുന്നു. സെനറ്റിന്റെ ചെയർമാൻകൂടിയായ തനിക്കെതിരെ വി.സി പ്രവർത്തിച്ചെന്നാണ് ഗവർണറുടെ വിലയിരുത്തൽ. ഒക്ടോബർ 24നാണ് വി.സി വിരമിക്കുന്നത്.

കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രൻ പാർട്ടി കേഡറിനെപ്പോലെയാണ് പെരുമാറുന്നതെന്നും ഇന്നലെ ഗവർണർ വിമർശിച്ചു. ഇരുവർക്കും എതിരെ നടപടിക്ക് ഗവർണർ തുനിഞ്ഞേക്കും.

നിയമന ക്രമക്കേടുകൾ

കണ്ണൂർ, കാലിക്കറ്റ്, കേരള, സംസ്കൃതം സർവകലാശാലകളിലെ നിയമനങ്ങളിലെ ക്രമക്കേടുകളെ പറ്റി നിരവധി പരാതികൾ ഗവർണറുടെ പക്കലുണ്ട്. അദ്ധ്യാപക നിയമനത്തിൽ കാലിക്കറ്റ് സർവകലാശാല സംവരണഅട്ടിമറി നടത്തിയതാണ് പ്രധാനം. നിയമനങ്ങൾ പുനഃപരിശോധിക്കുന്നതിലൂടെ നിയമനാധികാരിയായ വി.സിമാരെയാണ് ഗവർണർ ഉന്നമിടുന്നത്. സംസ്കൃത സർവകലാശാലയിൽ ഫണ്ട് തട്ടിപ്പ് പരാതിയുമുണ്ട്.