തിരുവനന്തപുരം : ആരോഗ്യമേഖലയിൽ ജനോപകാരപ്രദമായി പ്രവർത്തിക്കുകയും കേന്ദ്ര ഖജനാവിലേക്ക് കോടിക്കണക്കിന് രൂപ നേടിക്കൊടുക്കുകയും ചെയ്യുന്ന എച്ച്.എൽ.എൽ ലൈഫ് കെയർ സ്വകാര്യവത്കരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വി. ശിവദാസൻ എം.പി. പറഞ്ഞു.സ്വകാര്യവത്കരണത്തിനെതിരെ എച്ച്.എൽ.എൽ ജീവനക്കാർ നടത്തിയ രാജ് ഭവൻ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇക്കൊല്ലം 400 കോടിയാണ് എച്ച്.എൽ.എല്ലിന്റെ പ്രവർത്തനലാഭം. സ്ഥാപനത്തെ ഏറ്റെടുക്കാമെന്ന് സംസ്ഥാന സർക്കാർ കത്ത് നൽകിയിട്ടും നൽകില്ലെന്നാണ് കേന്ദ്ര നിലപാട്. എച്ച്.എൽ.എല്ലിനെ തുച്ഛ വിലയ്ക്ക് ഇഷ്ടക്കാർക്ക് നൽകാനുള്ള നീക്കത്തെ ജനങ്ങൾ ചെറുത്തുതോൽപ്പിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. എ. സമ്പത്ത് എക്സ്. എം.പി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി ശങ്കരദാസ്, ഐ.എൻ.ടി.യു.സി നേതാവ് മണ്ണാമൂല രാജൻ, എസ്.പി. ദീപക്, ജയകുമാർ, പി.ടി. വിജയകുമാർ, നൗഷാദ്, അനിൽകുമാർ, നിസാർ അഹമ്മദ്, ജിജു കെ. വർഗീസ് എന്നിവരും സംസാരിച്ചു.