
തിരുവനന്തപുരം: തുറമുഖ നിർമ്മാണത്തിന് സുരക്ഷ തേടി അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരിന് കത്തയച്ചതിന് പിന്നാലെ വിഴിഞ്ഞത്ത് പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചു. സർക്കാർ ഇടപെട്ടില്ലെങ്കിൽ സമരം തുറമുഖ നിർമ്മാണത്തെ ബാധിക്കുമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം.
മന്ത്രിതലത്തിൽ നടന്ന ചർച്ചയ്‌ക്ക് ശേഷവും മത്സ്യത്തൊഴിലാളികൾ സമരം തുടരുന്നതിനിടെയാണ് അദാനി ഗ്രൂപ്പ് സർക്കാരിന്റെ സഹായം തേടിയത്.
വിഴിഞ്ഞത്ത് അടുത്ത വർഷത്തോടെ കപ്പലെത്തുന്ന രീതിയിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. സമരം തുടരുകയാണെങ്കിൽ ഇക്കാര്യത്തിൽ ഉറപ്പുനൽകാനാകില്ലെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു. ചീഫ് സെക്രട്ടറിക്ക് ലഭിച്ച കത്ത് തുടർനടപടികൾക്കായി ആഭ്യന്തര വകുപ്പിന് കൈമാറുകയായിരുന്നു. തുറമുഖ കവാടത്തിൽ കനത്ത സുരക്ഷാവലയമാണുള്ളത്.
സംഘർഷ സാദ്ധ്യത,
മദ്യശാലകൾ അടയ്‌ക്കും
വിഴിഞ്ഞം പൊലീസ് സ്‌റ്റേഷൻ പരിധിയിൽ രണ്ട് ദിവസത്തേക്ക് മദ്യശാലകളുടെ പ്രവർത്തനം നിരോധിച്ച് ജില്ലാ കളക്‌ടർ ഉത്തരവിറക്കി. പ്രദേശത്തെ സമരങ്ങളുടെ പശ്ചാത്തലത്തിൽ സംഘർഷ സാദ്ധ്യത കണക്കിലെടുത്താണ് ഇന്നും നാളെയും മദ്യശാലകൾ അടച്ചിടാൻ തീരുമാനിച്ചത്.
സർക്കാരുമായി നടത്തിയ ചർച്ച തൃപ്‌തികരമെന്ന് പറഞ്ഞെങ്കിലും ഇന്നലെയും പ്രതിഷേധം കുറയാത്തതിനെ തുടർന്നാണ് കർശന നടപടികളിലേക്ക് ജില്ലാഭരണകൂടം കടന്നത്. രണ്ടാം ദിവസവും തുറമുഖ കവാടത്തിന്റെ പൂട്ടുപൊളിച്ച് സമരക്കാർ അകത്തുകടന്നു. മന്ത്രി വി. അബ്‌ദുറഹ്മാനുമായി നടന്ന ചർച്ച ഫലപ്രദവും തൃപ്‌തികരവുമെന്ന് പറഞ്ഞെങ്കിലും പ്രതിഷേധത്തിന് കുറവ് വരുത്താൻ സമരക്കാർ തയ്യാറായില്ല. വിഴിഞ്ഞം ഇടവകയ്‌ക്ക് കീഴിലെ തീരദേശവാസികളാണ് ഇന്നലെ സമരവേദിയിലേക്ക് എത്തിയത്.
ആദ്യം ബാരിക്കേഡ് മറിച്ചിട്ട് മുന്നേറാനായിരുന്നു ശ്രമമെങ്കിലും പിന്നീട് സർവീസ് റോഡിലൂടെ തുറമുഖ കവാടത്തിലേക്ക് കയറുകയായിരുന്നു. തുറമുഖത്തിന്റെ പൂട്ട് തല്ലിത്തകർത്ത് അകത്തുകടന്ന പ്രതിഷേധക്കാർ പദ്ധതി പ്രദേശത്ത് കൊടിനാട്ടി. ഇതിനിടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോഴിക്കോട് രൂപതയും രംഗത്തെത്തി.
തിരുവനന്തപുരത്തിന് പുറമേ കോട്ടയം, ഇടുക്കി അടക്കമുള്ള മലയോര ജില്ലകളിൽ നിന്നുള്ളവർ സമരത്തിന് പിന്തുണ അറിയിച്ച് പ്രദേശത്തെത്തിയിട്ടുണ്ട്. അഞ്ചാം ദിവസവും ശക്തമായ പ്രതിഷേധം തുടർന്നതോടെ മുഖ്യമന്ത്രിയുമായുള്ള ലത്തീൻ അതിരൂപതയുടെ ചർച്ച പെട്ടെന്ന് നടക്കുമെന്നാണ് സമരക്കാരുടെ പ്രതീക്ഷ.