
തൃശൂർ : ബുദ്ധിമാന്ദ്യമുള്ള യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 11 വർഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. തൃശൂർ രണ്ടാം അഡീഷണൽ സബ് ജഡ്ജി ബിജുവാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധികം കഠിനതടവ് അനുഭവിക്കണം. മരത്താക്കര സ്വദേശിയായ അറയ്ക്കൽ വീട്ടിൽ ഷാജുവിനെയാണ് ( 50) ശിക്ഷിച്ചത്.
2009 മുതൽ 2012 വരെയുള്ള കാലയളവിലായിരുന്നു സംഭവം. യുവതി വീട്ടിൽ തനിച്ചാണെന്നറിഞ്ഞ് വീട്ടിലേക്ക് അതിക്രമിച്ചു കയറി കത്തി കാട്ടി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി ബലാത്സംഗം നടത്തിയത്. പിന്നീട് പലതവണ ഇതേ രീതിയിൽ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. പീഡനം മൂലം യുവതി ഗർഭിണിയാവുകയായിരുന്നു. തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഒല്ലൂർ എസ്.ഐ എം.കെ.രമേഷാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് കേസന്വേഷണം നടത്തി പ്രതിയെ 2012 സെപ്തംബർ ഒന്നിന് അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്, ഇപ്പോൾ തൃശൂർ ഡി.സി.ആർ.ബി എ.സി.പിയായ സി.ജി.ജിംപോളായിരുന്നു. പ്രോസിക്യൂഷനായി പബ്ലിക്ക് പ്രോസിക്യൂട്ടർ ജോൺസൺ ടി.തോമസ്, അഭിഭാഷകരായ കൃഷ്ണപ്രസാദ് എം.ആർ, ശ്രീലേഖ പി.ആർ, കെ.കൃഷ്ണദാസ് എന്നിവർ ഹാജരായി.