തിരുവനന്തപുരം: സി.പി.ഐ മന്ത്രിമാരുടെ കീഴിലെ റവന്യു, കൃഷി, മൃഗസംരക്ഷണം വകുപ്പുകളിൽ സി.പി.എമ്മുകാർക്ക് അയിത്തം കല്പിക്കുകയാണെന്ന് സി.പി.എം ജില്ലാകമ്മിറ്റി യോഗത്തിൽ വിമർശനം. കോൺഗ്രസുകാരെ പരിഗണിച്ചാലും സി.പി.എമ്മുകാർക്ക് സഹായം ചെയ്യില്ലെന്ന നിലപാടാണ് സി.പി.ഐക്കാർ സ്വീകരിക്കുന്നതെന്ന് നെടുമങ്ങാട് നിന്നുള്ള ജില്ലാകമ്മിറ്രിയംഗമാണ് യോഗത്തിൽ വിമർശിച്ചത്. ഒന്നാം പിണറായി സർക്കാരിനെ അപേക്ഷിച്ച് രണ്ടാം പിണറായി സർക്കാരിന് വേഗത പോരെന്ന വിമർശനവുമുയർന്നു.

കഴിഞ്ഞ സംസ്ഥാനകമ്മിറ്റി യോഗ തീരുമാനങ്ങളുടെ റിപ്പോർട്ടിംഗിനായാണ് രണ്ട് ദിവസത്തെ ജില്ലാ കമ്മിറ്റി യോഗം. സർക്കാരിന്റെ പ്രവർത്തനം സംബന്ധിച്ച മാർഗരേഖയിന്മേലാണ് പ്രധാനമായും ചർച്ച നടന്നത്. കേന്ദ്രകമ്മിറ്റി തീരുമാനങ്ങളുടെ റിപ്പോർട്ടിംഗ് അടക്കമുള്ള രേഖകളിൻമേൽ ചർച്ചയുണ്ടായില്ല.

സംസ്ഥാന സെന്ററിനെ പ്രതിനിധീകരിച്ച് സംസ്ഥാന സെക്രട്ടേറിയറ്റംഗം കൂടിയായ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ് റിപ്പോർട്ടുകളെല്ലാം അവതരിപ്പിച്ചത്. സംസ്ഥാന സെന്ററിൽ നിന്ന് വേറെ നേതാക്കൾ പങ്കെടുക്കുന്നില്ല. പാർട്ടിക്ക് പുതിയ ജില്ലാ സെക്രട്ടറി ഉടനെയൊന്നും ഉണ്ടാകില്ലെന്നാണ് സൂചന. സംസ്ഥാനകമ്മിറ്റി റിപ്പോർട്ടിംഗ് മാത്രമാണ് രണ്ടുദിവസത്തെ നേതൃയോഗത്തിന്റെ അജൻഡ. തൽക്കാലം ആനാവൂർ നാഗപ്പൻ തന്നെ ജില്ലാ സെക്രട്ടറിയായി തുടരും.