plus-one-allotment

തിരുവനന്തപുരം: പ്ലസ് വൺ മൂന്നാമത്തെയും അവസാനത്തെയും അലോട്ട്മെന്റിൽ 78,085 പേർ പ്രവേശനം നേടി. മൂന്ന് അലോട്ട്മെന്റുകളിലുമായി 2,95,118 പേരാണ് പ്രവേശനം നേടിയത്. ഇന്ന് രാവി​ലെ പത്തു മുതൽ 24ന് വൈകിട്ട് അഞ്ചു വരെ സ്‌കൂളുകളിൽ പ്രവേശനം നേടാം. വിദ്യാർത്ഥികൾ അലോട്ട്‌മെന്റ് ലെറ്ററുമായി രക്ഷാകർത്താവിനൊപ്പം രേഖകളുടെ ഒറിജിനൽ സഹിതം ഹാജരാകണം. 25ന് ക്ളാസ് തുടങ്ങും.

ഇന്ന് പ്രസി​ദ്ധീകരി​ക്കുമെന്നറിയിച്ച മൂന്നാമത്തെ ലിസ്റ്റ് രാവിലെ ആറോടെ ഹയർ സെക്കൻഡറിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവി​ടുകയായി​രുന്നു. www.admission.dge.kerala.gov.in എന്ന സൈറ്റി​ൽ Candid Login - sws ലെ Third Allot Results എന്ന ലിങ്കിൽ അലോട്ട്‌മെന്റ് ഫലം പരിശോധിക്കാം. സംവരണ സീറ്റുകളിലെ ഒഴിവുകൾ കൂടി​ മെരി​റ്റിലേക്ക് ഉൾപ്പെടുത്തി​യാണ് അലോട്ട്മെന്റ് പ്രസി​ദ്ധീകരിച്ചത്. താത്കാലി​ക പ്രവേശനത്തി​നുള്ള വി​ദ്യാർത്ഥി​കൾക്ക് ഹയർ ഓപ്ഷൻ നി​ലനി​റുത്താൻ അവസരമുണ്ടാകില്ല. അതിനാൽ അലോട്ട്മെന്റ് ലഭി​ച്ചവർ ഫീസടച്ച് പ്രവേശനം നേടണം. ഒന്ന്, രണ്ട് അലോട്ട്‌മെന്റുകളിൽ താത്കാലിക പ്രവേശനം നേടിയവർക്ക് ഉയർന്ന ഓപ്ഷൻ ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്‌മെന്റ് ലെറ്റർ ആവശ്യമില്ല.

പ്രവേശനം നേടാത്തവർക്ക് സപ്ളി​മെന്ററി​ അലോട്ട്മെന്റി​ൽ അവസരമുണ്ടാവുകയി​ല്ല. സപ്ളി​മെന്ററി​ അലോട്ട്മെന്റി​ലെ ഒഴി​വുകളും നോട്ടി​ഫി​ക്കേഷനും മൂന്നാം അലോട്ട്മെന്റി​നു ശേഷം പ്രസി​ദ്ധീകരി​ക്കും. അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർക്ക് സപ്ലിമെന്ററിയിൽ പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിൽ അപേക്ഷ പുതുക്കി നൽകാം. തെറ്റായ വിവരം അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം ലഭിക്കാത്തവർക്കും പുതുക്കി സമർപ്പിക്കാം.