
പോത്തൻകോട്: വെമ്പായം പഞ്ചായത്തിൽ വഴയ്ക്കാട് പന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. നന്നാട്ടുകാവ് വഴയ്ക്കാട് ഇലവിൻ കുഴി വീട്ടിൽ ശാന്തകുമാരിക്കാണ് (64) പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 7.30നാണ് സംഭവം. വീട്ടുവളപ്പിലെ കൃഷിയിടത്തിന് സമീപം കൃഷിപ്പണി ചെയ്യുന്നതിനിടെയായിരുന്നു അക്രമണം.
ഒറ്റയ്ക്ക് എത്തിയ പന്നി ശാന്തകുമാരിയെ അക്രമിക്കുകയായിരുന്നു. അക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിൽ പ്രവേശിപ്പിച്ചു. ഇടത് കൈയ്ക്ക് പൊട്ടൽ ഉള്ളതിനാൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. പ്രദേശത്ത് പന്നി ശല്യം രൂക്ഷമാണെന്നും നിരവധി പേർക്ക് പന്നിയുടെ അക്രമണത്തിൽ പരിക്കേറ്റതായും നാട്ടുകാർ പറഞ്ഞു.