
കാട്ടാക്കട: കാട്ടാക്കടക്കാർക്ക് ഇക്കുറിപൂവിനായി തോവാളയെ ആശ്രയിക്കേണ്ട. ഇത്തവണത്തെ ഓണപ്പൂക്കളമിടാൻ കാട്ടാക്കടയിൽ വിളഞ്ഞ പൂക്കൾ മതിയാകും. കാട്ടാക്കട മണ്ഡലത്തിലെ കുളത്തുമ്മൽ വെൽഫെയർ സൊസൈറ്റിയുടെ മേൽനോട്ടത്തിൽ ആദർശ് ഭവനിൽ നിഷാന്തിന്റെ പുരയിടത്തിൽ രണ്ടരമാസം മുൻപ് പാകിയ ജമന്തി വിത്തുകളാണ് ഐ.ബി.സതീഷ്.എം.എൽ.എ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെയും കുടുംബശ്രീ പ്രവർത്തകരുടേയും സഹകരണത്തോടെയാണ് കൃഷി പരിപാലനം. വിളവെടുപ്പിന് കുളത്തുമ്മൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.
നമ്മുടെ പൂക്കൾ നമ്മുടെ ഓണം പദ്ധതി പ്രകാരമാണ് ജമ്മന്തി കൃഷി നടത്തിയത്. നാട്ടിലെ ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും തമിഴ്നാട് തോവാളയാണ് പൂക്കൾക്കായി ആശ്രയിക്കുന്നത്. എന്നാൽ ഇനി തോവാളയിൽ പോകാതെ തന്നെ നമ്മുടെ നാട്ടിൽ നിന്നും പൂക്കൾ ശേഖരിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് കാട്ടാക്കടയിലെ കർഷകർ.
പൂക്കടകൾ വഴിയും നേരിട്ടുമൊക്കെ വിപണനം നടത്താനാണ് ശ്രമിക്കുന്നത്. രണ്ടുമാസം കൂടുമ്പോൾ ഇത്തരത്തിൽ വിളവെടുപ്പ് പൂർണമായാൽ ഇനിയും വിത്തുപാകനാണ് ലക്ഷ്യമിടുന്നത്. മണ്ഡലത്തിലെ കൃഷി ഓഫീസർമാരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും ഒക്കെ മേൽനോട്ടത്തിലാണ് പൂവ് കൃഷിക്ക് തുടക്കമിട്ടത്. ആറു പഞ്ചായത്തുകളിൽ ആയി 10 ഹെക്ടറോളം സ്ഥലത്താണ് കൃഷി. ഇത്തരത്തിൽ കൂടുതൽ സ്ഥലങ്ങളിൽ കൂടുതൽ പേരിലേക്ക് കൃഷി എത്തിക്കാനുള്ള ആലോചനയുമുണ്ട്. മറ്റു കൃഷികളെ അപേക്ഷിച്ച് കുറഞ്ഞ സമയത്തിൽ കൂടുതൽ വരുമാനം ലഭ്യമാകും എന്നതും പൂ കൃഷിയുടെ പ്രത്യേകതയാണ്.
കുട്ടികളെയും കുടുംബശ്രീ പ്രവർത്തകരെ കൂടാതെ ബ്ലോക്ക് മെമ്പർ സുനിത,കാട്ടാക്കട ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.വിജയകുമാർ ഏരിയാ കമ്മിറ്റിയംഗം ജെ.ബീജു,ഭുഉടമ നിഷാന്ത്, തുടങ്ങി നിരവധി വിളവെടുപ്പുത്സവത്തിൽ പങ്കെടുത്തു.