
തിരുവനന്തപുരം: കണ്ണൂർ വി.സിയുടെ നേതൃത്വത്തിൽ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന ഗവർണറുടെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. വെമ്പായത്ത് ഒ.ബി.സി മോർച്ച സംസ്ഥാന പഠന ശിബിര വേദിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ വി.സിക്കെതിരായ ഗവർണറുടെ ആരോപണങ്ങൾ ചെന്ന് കൊള്ളുന്നത് മുഖ്യമന്ത്രിയ്ക്കാണ്. പ്രതിഷേധക്കാർക്ക് ഒത്താശ ചെയ്തത് ഗൂഡാലോചനയുടെ ഭാഗമാണ്. ഇക്കാര്യം പൊലീസിനറിയാം. അതിനാലാണ് പരാതിപ്പെട്ടിട്ടും പൊലീസ് അന്വേഷിക്കാതിരുന്നത്. മുഖ്യമന്ത്രിയാണ് ഇതിന് മറുപടി പറയേണ്ടത്. കാശ്മീരിൽ രാജ്യദ്രോഹ പ്രസ്താവന നടത്തിയ കെ.ടി. ജലീലിനെതിരെ പരാതി നൽകിയിട്ടും കേരള പൊലീസ് കേസെടുത്തിട്ടില്ല. ജലീലിനെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്നും സുരേന്ദ്രൻ പറഞ്ഞു.