akg-centre

തിരുവനന്തപുരം: ദുരൂഹമായി തുടരുന്ന എ.കെ.ജി സെന്റർ ആക്രമണക്കേസിൽ തട്ടുകടക്കാരനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചു. രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലും സംശയനിഴലിലായിരുന്ന ഇയാൾക്കെതിരെ തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ഇയാൾക്ക് സംഭവവുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചത്.

സംഭവത്തിന് ശേഷം ഇയാൾ പ്രാദേശിക സി.പി.എം നേതാവിന്റെ ഫോണിലേക്ക് വിളിച്ചതായ ആക്ഷേപവും സൈബർ അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് തള്ളി. ഇക്കഴിഞ്ഞ ജൂൺ 30നായിരുന്നു പൊലീസ് കാവലുണ്ടായിരുന്ന എ.കെ.ജി സെന്ററിന് നേരെ സ്‌കൂട്ടറിൽ ഹെൽമറ്റും മാസ്കും ധരിച്ചെത്തിയ അക്രമി പടക്കമെറിഞ്ഞത്. സംഭവത്തിൽ ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണം ആഴ്ചകൾ പിന്നിട്ടിട്ടും പ്രതിയിലേക്ക് എത്താത്തത് രാഷ്ട്രീയ ആരോപണങ്ങൾക്കും വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു.

ആക്രമണത്തിന് പിന്നിൽ സി.പി.എം ആയതിനാലാണ് പ്രതികളെ പിടികൂടാത്തതെന്ന ആക്ഷേപം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഈ സമയത്ത് അതുവഴി സ്‌കൂട്ടറിൽ സഞ്ചരിച്ച തട്ടുകടക്കാരനും സി.പി.എം പ്രാദേശിക നേതാവുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം. രാജാജി നഗർ സ്വദേശിയായ തട്ടുകടക്കാരനെ പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. നഗരസഭാ കൗൺസിലറായിരുന്ന സി.പി.എം യുവനേതാവ് ഇടപെട്ടാണ് ഇയാളെ വിട്ടയച്ചതെന്ന ആരോപണങ്ങളും പ്രതിപക്ഷം ഉയർത്തി.

തട്ടുകടയിലേക്ക് വെള്ളം എടുക്കാൻ എത്തിയതാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

പൊലീസിൽ നിന്ന് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചും പ്രതിയല്ലെന്ന് കണ്ടെത്തിയതോടെ കേസ് വീണ്ടും വഴിത്തിരിവിലായി.