p

തിരുവനന്തപുരം: ഇന്ത്യൻ ജനതയുടെ ഒരുമയെ തകർക്കാനുമുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തണമെന്ന്, സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് നടന്ന പ്രത്യേകസമ്മേളനത്തിൽ ഐകകണ്ഠ്യേന പാസാക്കിയ പ്രമേയത്തിൽ കേരളനിയമസഭ ആഹ്വാനം ചെയ്തു.

സ്വാതന്ത്ര്യസമരപോരാട്ടങ്ങളിൽ അണിചേരാതിരുന്ന ശക്തികളുടെ ചേരിതിരിവിനുള്ള ശ്രമങ്ങളെ ചെറുക്കുമെന്നും സ്വതന്ത്ര ഇന്ത്യക്കായി പൊരുതിയ ധീരദേശാഭിമാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്നും സഭയിലെ ഓരോ അംഗവും പ്രതിജ്ഞയെടുക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു. ഇന്ന് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളനുഭവിക്കുന്ന യാതനകളിൽ നിന്ന് അവർക്ക് മോചനം നേടിയെടുക്കാനുള്ള ഇടപെടൽ നടത്തും.

നാനാത്വത്തിൽ ഏകത്വമെന്ന മഹത്തായ കാഴ്ചപ്പാടിന് വിരുദ്ധമായ നീക്കങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. ഇതിന് ചുക്കാൻ പിടിക്കുന്നത് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാതിരുന്ന കക്ഷികളാണ്. സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ചവർക്ക് സഭ ആദരാഞ്ജലികൾ അർപ്പിച്ചു.