p

തിരുവനന്തപുരം: മതനിരപേക്ഷത മറ്റൊന്നിനുമുണ്ടായിട്ടില്ലാത്ത തരത്തിൽ വെല്ലുവിളി നേരിടുകയാണെന്നും ആധുനികകാലത്ത് മതനിരപേക്ഷതയുടെ പാഠത്തിന് ഏറെ പ്രസക്തിയുണ്ടെന്നും സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. ഇന്നലെ തുടങ്ങിയ നിയമസഭാ സമ്മേളനത്തിൽ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചർച്ചയ്ക്ക് തുടക്കം കുറിക്കുകയായിരുന്നു അദ്ദേഹം.

സമത്വമെന്ന ആശയം തന്നെ വെല്ലുവിളിയിലാണ്. മതരാഷ്ട്രത്തിന്റെ കരട് രൂപമായിയെന്ന വാർത്തകൾ വരുന്നു. ആഘോഷത്തിന്റെ മാത്രമല്ല ആലോചനയുടെയും ആവശ്യകതയാണ് സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ പ്രസക്തിയെന്നും സ്പീക്കർ പറഞ്ഞു.

വ്യത്യസ്ത വഴികളിലൂടെ ഒരേ ലക്ഷ്യത്തിനായി പോരാടിയതാണ് സ്വാതന്ത്ര്യ സമരം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. അതിലെ ചിലരെ അടർത്തിമാറ്റാനുള്ള ശ്രമം ചെറുക്കണം.

ഗാന്ധിയുടെയും നെഹ്‌‌റുവിന്റേയും സ്ഥാനത്ത് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കില്ലെന്ന് കാട്ടി ബ്രിട്ടിഷുകാർക്ക് മാപ്പപേക്ഷ നൽകിയയാളുകളെ പ്രതിഷ്ഠിക്കാൻ ശ്രമം നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. ഫാസിസ്റ്റുകളുടെ വരവിന്റെ മണിമുഴക്കമാണ് ഇപ്പോൾ കേൾക്കുന്നത്.


അടിയന്തരാവസ്ഥയെ തള്ളിപ്പറഞ്ഞ സി.പി.ഐ നേതാവ് ഇ. ചന്ദ്രശേഖരൻ, 1990 മുതൽ രാജ്യത്ത് മനുഷ്യരെ മറന്ന് മൂലധനശക്തികൾക്ക് വേണ്ടിയുള്ള ഭരണമാണ് നടക്കുന്നതെന്ന് കുറ്റപ്പെടുത്തി. മതേതര രാഷ്ട്രീയപ്പാർട്ടികൾ ഒന്നിച്ചുനിന്നാൽ വിഭാഗീയതയുടെ രാഷ്ട്രീയത്തെ ചെറുത്തുതോല്പിക്കാനാവുമെന്ന് മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പഴകിത്തുരുമ്പിച്ച ആയുധമെടുത്ത് ഭരണഘടന നമുക്ക് നൽകുന്ന സ്വാതന്ത്ര്യം കൂടി കവരുമോയെന്ന ആശങ്ക വ്യാപകമാണെന്നും അദ്ദേഹം പറഞ്ഞു.


മന്ത്രിമാരായ റോഷി അഗസ്റ്റിൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, മറ്റ് കക്ഷിനേതാക്കളായ മാത്യു.ടി.തോമസ്, കെ.പി. മോഹനൻ, രാമചന്ദ്രൻ കടന്നപ്പള്ളി, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, കെ.കെ. രമ, മാണി സി. കാപ്പൻ, കോവൂർ കുഞ്ഞുമോൻ എന്നിവരും സംസാരിച്ചു.