
തിരുവനന്തപുരം നഗരവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണ് പൂർത്തീകരിക്കപ്പെട്ടിരിക്കുന്നത് - കിഴക്കേകോട്ടയിലെ കാൽനട മേൽപ്പാലം. 104 മീറ്റർ നീളമുള്ള, സംസ്ഥാനത്തെ തന്നെ ഏറ്റവും നീളം കൂടിയ കാൽനടക്കാർക്കായുള്ള മേൽപ്പാലമാണ് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാട്ടുകാർക്കായി തുറന്നു നൽകിയത്. കോർപ്പറേഷന്റെ സഹകരണത്തോടെ ആക്സോ എൻജിനിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് നിർമ്മാണം നിർവഹിച്ചത്.
കാൽനടക്കാരുടെ സഞ്ചാരം സുഗമമാക്കുക എന്ന ലക്ഷ്യത്തിനപ്പുറം കിഴക്കേകോട്ടയിൽ ആവർത്തിച്ച് ഉണ്ടായിക്കൊണ്ടിരുന്ന അപകടങ്ങൾ കുറയ്ക്കാനാവും ഇത് കൂടൂതൽ ഉപകരിക്കുക. റോഡ് മുറിച്ചുകടന്ന നിരവധിപേർ ഇവിടെ മരണമടഞ്ഞിട്ടുണ്ട്. വാഹനങ്ങളുടെ ബാഹുല്യം നിമിത്തം കിഴക്കേകോട്ടയിൽ റോഡ് മുറിച്ചുകടക്കുക എന്നത് ജീവൻ പണയം വച്ചുള്ള യത്നമായി മാറിയിട്ട് കാലം കുറെയായി. ഒരപകടമെങ്കിലും നടക്കാത്ത മാസങ്ങൾ കുറവായിരുന്നു. നഗരം വളരുമ്പോൾ സാധാരണഗതിയിൽ കൂടുതൽ സ്ഥലസൗകര്യമുള്ള ബസ് ടെർമിനൽ നിർമ്മിക്കേണ്ടതാണ്. പല കാരണങ്ങളാൽ അതിവിടെ നടന്നില്ല. ട്രാൻസ്പോർട്ട്, പ്രൈവറ്റ് ബസുകൾ സർവീസ് ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന സ്ഥലമെന്ന രീതിയിൽ കിഴക്കേകോട്ട ട്രാഫിക് തിരക്കിനാൽ പകൽസമയങ്ങളിൽ ശ്വാസം മുട്ടുന്ന അവസ്ഥയിലാണ്. ഈ തിരക്കിന് വലിയൊരു ആശ്വാസം പകരാൻ കാൽനട മേൽപ്പാലം ഉപകരിക്കുമെന്നതിൽ സംശയമില്ല. മേൽപ്പാലത്തിന്റെ
എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത കാഴ്ചയിലെ ഇമ്പമാണ്. കിഴക്കേകോട്ടയുടെ പൈതൃകത്തിന് യോജിച്ച രീതിയിലാണ് മേൽപ്പാലം നിർമ്മിച്ചിരിക്കുന്നത്. ഗാന്ധിപാർക്കിന് സമീപത്തുനിന്ന് തുടങ്ങുന്ന മേൽപ്പാലം ആറ്റുകാൽ ബസ് സ്റ്റോപ്പ്, കോവളം വിഴിഞ്ഞം ബസ് സ്റ്റോപ്പ് എന്നിവിടങ്ങളിലൂടെ എതിർവശത്താണ് അവസാനിക്കുന്നത്. ഗാന്ധിപാർക്കിന് സമീപവും കോവളം ബസ് സ്റ്റോപ്പ്ഭാഗത്തും ലിഫ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ സാധാരണ മറ്റ് പലയിടത്തും മേൽപ്പാലം ഒഴിവാക്കുന്ന വയോജനങ്ങൾക്ക് കിഴക്കേകോട്ടയിലെ മേൽപ്പാലം വലിയ അനുഗ്രഹമായി മാറും. ലിഫ്റ്റിന് പുറമേ വിവിധ വശങ്ങളിലായി നാല് ഗോവണികളുമുണ്ട്. ഇതുപോലൊരു കാൽനട മേൽപ്പാലം ഏറ്റവും പ്രധാനമായി വേണ്ടത് മെഡിക്കൽ കോളേജ് ജംഗ്ഷനിലാണ്. മരുന്നും ഭക്ഷണവും മറ്റും വാങ്ങാനായി ഏറ്റവും കൂടുതൽ പേർ റോഡ് മുറിച്ചുകടക്കുന്ന സ്ഥലമാണിത്.
നഗരം വികസിക്കുമ്പോൾ മേൽപ്പാലങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ നഗരസഭ നല്ല ആസൂത്രണം നടത്തേണ്ടതുണ്ട്. പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തിൽ നിന്നുതന്നെ ഇതിന്റെ ചെലവ് കണ്ടെത്താനാവും. അതുപോലെ തന്നെ നഗരത്തിന്റെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് വാഹന പാർക്കിംഗിന്റെ സ്ഥലക്കുറവ്. തമ്പാനൂരിൽ നഗരസഭയുടെ മൾട്ടി ലെവൽ പാർക്കിംഗ് കേന്ദ്രത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ഏറ്റവും കുറഞ്ഞത് അഞ്ച് പ്രധാന സ്ഥലത്തെങ്കിലും മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യം ഒരുക്കാൻ നഗരസഭ മുൻകൈയെടുക്കണം. മറ്റ് പ്രധാന നഗരങ്ങളിലും സമാനമായ പദ്ധതികൾ ആവിഷ്കരിപ്പിക്കാൻ സർക്കാരും നഗരസഭകൾക്ക് മാർഗനിർദ്ദേശം നൽകണം. കുറഞ്ഞത് അമ്പത് വർഷമെങ്കിലും മുൻകൂട്ടിക്കണ്ടുള്ള വികസന മാതൃകകളാവണം വിഭാവനം ചെയ്യേണ്ടത്.