
ജെൻഡർ ന്യൂട്രാലിറ്റി സ്കൂളുകളിൽ വേണമെന്ന നിലപാടിനെ നഖശിഖാന്തം എതിർക്കുകയാണ് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ കേരളഘടകം നേതാക്കൾ. ജെൻഡർ ന്യൂട്രാലിറ്റി എന്നത് സ്കൂൾ കുട്ടികൾക്കിടയിൽ അടിച്ചേല്പിക്കേണ്ട ഒന്നല്ലെന്ന് ലീഗ് നേതാക്കൾ പറയുന്നു. പ്രത്യേകിച്ചും ഡോ.എം.കെ. മുനീറിനെ പോലെയുള്ള നേതാക്കൾ സർക്കാർനീക്കത്തിനെതിരെ അതിനിശിതമായ കടന്നാക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആദ്യം സാമൂഹ്യനീതി നടപ്പാക്കൂ എന്നാണ് ലീഗ് നേതാക്കളുടെ വാദം.
സ്കൂളുകളിൽ ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്ന് ഇരുന്നാൽ അത് മതനിരാസമാകുമെന്നാണ് വാദം. ലിംഗസമത്വത്തിന് എതിരല്ല, പക്ഷേ, സ്വതന്ത്ര ലൈംഗികതയെ പ്രോത്സാഹിപ്പിക്കാൻ വഴിയൊരുക്കുന്ന ഏർപ്പാടുകൾക്ക് നാമായിട്ട് നിന്ന് കൊടുക്കണോ എന്നതാണ് അവരുടെ ചോദ്യം.
പ്രബുദ്ധകേരളത്തിൽ ശരിക്കും പറഞ്ഞാൽ പണ്ടേ നടപ്പാക്കേണ്ട ഒന്നായിരുന്നു സ്കൂൾ കുട്ടികൾക്കിടയിലെ ലിംഗസമത്വ ബോധം. അത് നടപ്പാക്കാതിരുന്നതിന്റെ ദൂഷ്യഫലങ്ങളാണ് പല ആക്രമണങ്ങളുടെയും ദുരന്തങ്ങളുടെയും രൂപത്തിൽ കഴിഞ്ഞ കാലങ്ങളിലെല്ലാം കേരളീയസമൂഹം അനുഭവിക്കേണ്ടി വന്നിട്ടുള്ളതെന്ന് സാമൂഹ്യനിരീക്ഷകർ വിലയിരുത്തുന്നുണ്ട്. പക്ഷേ, ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിനെ സംബന്ധിച്ചിടത്തോളം ഇതൊരു വൈകാരികവിഷയമായി മാറാൻ മറ്റ് പല കാരണങ്ങളുണ്ട്. ജെൻഡർ ന്യൂട്രാലിറ്റിയെച്ചൊല്ലി ഉയരുന്ന വിവാദത്തെ മുസ്ലിം സമൂഹത്തിനിടയിൽ തങ്ങളുടെ സ്വാധീനം ഊട്ടിയുറപ്പിക്കാൻ ലഭിച്ച ഏറ്റവും മികച്ച അവസരമായി ലീഗ് വിലയിരുത്തുന്നു.
അത് അനിസ്ലാമികമാണ് എന്ന വാദം യാഥാസ്ഥിതിക മുസ്ലിം സമൂഹത്തെ അങ്ങേയറ്റം തൃപ്തിപ്പെടുത്തുന്ന വാദഗതിയാണ്. മതമില്ലാത്ത ജീവൻ എന്ന പാഠപുസ്തകത്തിന്റെ പേരിൽ മതനിഷേധം കടത്തിവിട്ടത് പോലുള്ള ഏർപ്പാടാണ് ഇതും എന്ന വാദമുയർത്തി, യാഥാസ്ഥിതിക മനസ്സുകളെ ആവുവോളം തൃപ്തിപ്പെടുത്താനുള്ള ലീഗ് നേതാക്കളുടെ വ്യഗ്രതയ്ക്ക് പിന്നിൽ കുറച്ചുകാലമായി കാൽക്കീഴിലെ മണ്ണ് ചോർന്നുപോകുന്നോ എന്ന ശങ്ക തന്നെയാണ് പ്രധാനം. പൊതുവേ ലിബറൽ എന്ന് ധരിച്ചുപോരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി കാര്യങ്ങൾ മുനീറിനോളം കടുപ്പിച്ചിട്ടില്ല.
നിയമസഭാ
തിരഞ്ഞെടുപ്പും ലീഗും
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ലീഗ് കോട്ടകളിൽ വിള്ളൽ വീണുതുടങ്ങിയിരിക്കുന്നു എന്ന നഗ്നസത്യം ലീഗ് നേതൃത്വം തിരിച്ചറിയുന്നത്. മുമ്പ് കോണി ചിഹ്നം മാത്രം നോക്കി വോട്ട് കുത്തിയിരുന്ന ആളുകളുടെ കാലം മാറിപ്പോയിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ ഏറ്റവും വലിയ ഉദാഹരണം. അദ്ദേഹം 2017ൽ ഇ. അഹമ്മദ് അന്തരിച്ച ഒഴിവിൽ പാർലമെന്റിൽ മത്സരിച്ച് ഡൽഹിയിലേക്ക് വിമാനം കയറി. യു.പി.എ തിരിച്ചുവരുമെന്നും ലീഗ് നേതൃത്വത്തിൽ അനിഷേധ്യനായി ഡൽഹിയിൽ വിരാജിക്കാമെന്നൊക്കെ അദ്ദേഹം കണക്കുകൂട്ടി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും വർദ്ധിത വീര്യത്തോടെ ജയിച്ചുകയറി. എന്നാൽ ആ തിരഞ്ഞെടുപ്പിൽ യു.പി.എ തകർന്നടിഞ്ഞു. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ സർക്കാരിന്റെ രണ്ടാം വരവുണ്ടായി.
ഇതോടെ സർവപ്രതീക്ഷയും അറ്റുപോയ കുഞ്ഞാലിക്കുട്ടിയിൽ വീണ്ടുവിചാരമുണ്ടായി. അദ്ദേഹം കേരളത്തിൽ യു.ഡി.എഫിന്റെ തിരിച്ചുവരവിൽ പ്രതീക്ഷയർപ്പിച്ച് തുടങ്ങി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഉപമുഖ്യമന്ത്രിപദം വരെ ആഗ്രഹിച്ചുകൊണ്ടാണ് ആഘോഷപൂർവ്വം കേരളരാഷ്ട്രീയത്തിലേക്ക് വീണ്ടും സജീവമാകുന്നുവെന്ന പ്രഖ്യാപനം നടത്തിക്കൊണ്ട് കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവച്ച് മത്സരിച്ചത്. ഒരു തിരഞ്ഞെടുപ്പിന് വേണ്ടിവരുന്ന സർക്കാർ ചെലവ് ഭാരിച്ചതാണ്. ഒരു നേതാവിന്റെ ഇഷ്ടാനിഷ്ടങ്ങൾക്കൊത്ത് മാറിമാറി മത്സരിക്കാൻ ഇതൊരു വിനോദപരിപാടിയല്ലെന്ന തിരിച്ചറിവ് ജനങ്ങളിലുണ്ടായി. കുഞ്ഞാലിക്കുട്ടി മത്സരിച്ച ലീഗ് കോട്ടയിൽ കുഴപ്പമുണ്ടായില്ലെങ്കിലും മൊത്തത്തിലത് മലപ്പുറം ജില്ലയിലെ ലീഗ് പ്രകടനത്തെയും കോഴിക്കോട്ടെ യു.ഡി.എഫ് പ്രകടനത്തെയും ബാധിച്ചെന്ന് വേണം ചിന്തിക്കാൻ.
2006 മുതലിങ്ങോട്ട് സി.പി.എം നടത്തിവരുന്ന ഭാഗ്യപരീക്ഷണമുണ്ട്. ലീഗിൽ നിന്നും കോൺഗ്രസിൽ നിന്നും മുസ്ലിം വിമതരെ അടർത്തിയെടുത്ത് ഇടതു സ്വതന്ത്രരായി മത്സരിപ്പിച്ച് ലീഗ് വോട്ടുകളിൽ വിള്ളലുണ്ടാക്കലാണത്. കെ.ടി.ജലീൽ, പി.ടി.എ. റഹിം തുടങ്ങിയവരൊക്കെയാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം. ലീഗ് കോട്ടകളിൽ ഇതിലൂടെ ചെറുതല്ലാത്ത സ്വീകാര്യത ഇതിനകം സി.പി.എം നേടിയെടുത്തിട്ടുണ്ട്.
സ്ത്രീകളും
ലീഗ് രാഷ്ട്രീയവും
സ്ത്രീകളുടെ മുഖ്യധാരാ പ്രവേശനത്തെ യാഥാസ്ഥിതിക കാഴ്ചപ്പാടിലൂടെ നോക്കിക്കാണാനാണ് മുസ്ലിംലീഗ് നേതൃത്വം ഇപ്പോഴും ശ്രമിക്കുന്നത്. തദ്ദേശതിരഞ്ഞെടുപ്പിൽ നിവൃത്തിയില്ലാത്തത് കൊണ്ടുമാത്രം അവർ സ്ത്രീകളെ മത്സരിപ്പിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗ് ഒരു വനിതയെ സ്ഥാനാർത്ഥിയാക്കിയപ്പോഴുണ്ടായ അനുഭവം കൺമുന്നിലാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് കോഴിക്കോട് സൗത്തിൽ നൂർബിന റഷീദിനെ അവർ മത്സരിപ്പിച്ചത്. അവർ ഗോദയിൽ നല്ല നിലയിൽ പോരാടി. പക്ഷേ യാഥാസ്ഥിതിക സമൂഹം അവരെ പിന്തുണച്ചില്ല. അവിടെ ഐ.എൻ.എല്ലിനെ ജനങ്ങൾ വിജയിപ്പിച്ചു.
25 വർഷത്തിന് ശേഷമായിരുന്നു ലീഗ് ഒരു വനിതയെ നിയമസഭയിലേക്ക് മത്സരിപ്പിക്കുന്നത് എന്നതുതന്നെ ആ പാർട്ടിയുടെ സ്ത്രീപക്ഷ മനോഭാവം വ്യക്തമാക്കുന്നുണ്ട്. മുസ്ലിംലീഗിന്റെ പേരിൽ മതമുണ്ടെങ്കിലും മതനിരപേക്ഷസ്വഭാവം ആ പാർട്ടി പ്രകടിപ്പിക്കാറുണ്ട് എന്നതിനെ കുറച്ചുകാണുന്നില്ല. യു.സി. രാമൻ എന്ന ഹിന്ദു ദളിത് പ്രതിനിധിയെ എം.എൽ.എയാക്കി നിയമസഭയിലേക്കയച്ച പാരമ്പര്യമുള്ള പാർട്ടിയാണ് ലീഗെന്നത് എടുത്തുപറയുന്നു.
എന്നാൽ, വനിതകളുടെ കാര്യത്തിൽ അത്രത്തോളം പുരോഗമനം ലീഗ് കാട്ടുന്നില്ലെന്ന നിരീക്ഷണം വെറുതെയല്ല. എം.എസ്.എഫിലെ പെൺകുട്ടികളുടെ വിഭാഗമായ ഹരിതയുടെ നേതാക്കളെ ഒരു എം.എസ്.എഫ് നേതാവ് അധിക്ഷേപിച്ചെന്ന പരാതി ലീഗിനകത്ത് എങ്ങനെ ഒതുക്കപ്പെട്ടുവെന്നതും കേരളം കണ്ടു. ആ പെൺകുട്ടികൾ പിന്നീട് സംഘടന തന്നെ ഉപേക്ഷിച്ച് പോകുന്ന നിലയായി.
ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിലെ ലീഗ് നിലപാടും ഇതിന്റെയൊക്കെ ഒരു തുടർച്ചയായി കാണാനാണ് സാധിക്കുക.
വഖഫ് ബോർഡും
ലീഗ് പ്രതിസന്ധിയും
വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ നിയമസഭ പാസാക്കിയ ബില്ലിനെതിരെ ലീഗ് ശക്തിയുക്തം രംഗത്തുവന്നത് മുസ്ലിം സമൂഹത്തിനിടയിൽ സ്വാധീനം അരക്കിട്ടുറപ്പിക്കാനും ചോരുന്നുവെന്ന് കരുതിപ്പോന്ന ജനസ്വീകാര്യത തിരിച്ചുപിടിക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു. എന്നാൽ സി.പി.എം നയിക്കുന്ന ഇടതുപക്ഷ സർക്കാർ ലീഗിനും അപ്പുറത്തേക്ക് ചിന്തിച്ചാണ് കാര്യങ്ങൾ നീക്കിയത്. അവർ ലീഗിനെ മറികടന്നുകൊണ്ട് മുസ്ലിം സമുദായസംഘടനകളുമായി ഒത്തുതീർപ്പുണ്ടാക്കി. അല്ലെങ്കിലും കഴിഞ്ഞ കുറച്ചുകാലമായി കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ ഹാജി അടക്കമുള്ള മുസ്ലിം മതപണ്ഡിതരുമായി സി.പി.എമ്മും സർക്കാരും ഉറ്റ സൗഹാർദ്ദത്തിലാണ്.
മറ്റൊരു വിഭാഗം സമസ്തയാണ്. അവർ കാലാകാലങ്ങളായി മുസ്ലിംലീഗുമായി ചേർന്ന് പോകുന്നവരായിരുന്നു. പാണക്കാട് തങ്ങളാണ് അതിന്റെ രക്ഷാധികാരി. എന്നാൽ സമസ്ത നേതാക്കളെ പോലും ലീഗിനെ അവഗണിക്കാൻ പ്രേരിപ്പിക്കുന്ന രാഷ്ട്രീയകൗശലം പുറത്തെടുത്തത് സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനുമായിരുന്നു.
വഖഫ് വിഷയത്തിൽ സമസ്തയടക്കമുള്ളവരുടെ വികാരം ഉൾക്കൊണ്ട മുഖ്യമന്ത്രി ലീഗിനെ തീർത്തും അപ്രസക്തമാക്കിക്കളഞ്ഞു. ലീഗിനെ കുടയാൻ കിട്ടിയ അവസരമൊട്ട് പാഴാക്കിയതുമില്ല. ലീഗ് മുൻകൈയെടുത്ത് നടത്തിയ പ്രതിഷേധപരിപാടികളോട് സമസ്ത മുഖംതിരിച്ചു. സമുദായസംഘടനായോഗം ലീഗ് വിളിച്ചുചേർത്തപ്പോഴും അവരാരും പോയില്ല.
അങ്ങനെ നഷ്ടപ്പെട്ടെന്ന് തോന്നിപ്പിച്ച പിന്തുണ തിരിച്ചുപിടിക്കാൻ ലീഗിനെ പ്രാപ്തമാക്കിയത് ഏറ്റവും പുതുതായി വീണുകിട്ടിയ ജെൻഡർ ന്യൂട്രാലിറ്റി വിവാദമാണെന്ന് പറയേണ്ടിയിരിക്കുന്നു. മുനീറും മറ്റും ആവർത്തിക്കുന്ന കടുകടുത്ത വാക്പ്രയോഗങ്ങൾ യാഥാസ്ഥിതിക മുസ്ലിം സമൂഹത്തെ തൃപ്തിപ്പെടുത്താൻ പോന്നത് തന്നെ.
സമീപകാലത്തായി ലീഗിലെ ഒരു വിഭാഗം സി.പി.എമ്മിനോട് ചായാൻ നോക്കുന്നുവെന്ന പ്രചാരണം മലബാറിലുണ്ട്. സി.പി.എമ്മിന്റേത് ജെൻഡർ ന്യൂട്രാലിറ്റി അടിച്ചേല്പിക്കുന്നത് പോലുള്ള നിലപാടുകളാണെന്ന് സ്ഥാപിച്ചെടുത്തുകൊണ്ട് അത്തരത്തിൽ പിളരാൻ ശ്രമിക്കുന്നവരെ തിരിച്ച് പിടിച്ചടുപ്പിക്കാനുള്ള കരുതൽ കൂടിയാണ് മുനീറിന്റെയും മറ്റും പ്രതികരണങ്ങൾക്ക് പിന്നിൽ ഒളിച്ചിരിക്കുന്നതെന്ന് ചിന്തിക്കുന്നവരും ലീഗിനകത്ത് കുറവല്ല.
അതുകൊണ്ട് ജെൻഡർ ന്യൂട്രാലിറ്റി എന്നത് ഇവിടെ ഒരു പുകമറ മാത്രമാകുന്നു. അല്ലെങ്കിൽ ഒരു മുറം മാത്രമാകുന്നു.