
തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം കവരുന്ന ഭേദഗതി ബില്ലിനെയും, സർവകലാശാലകളിൽ സർക്കാരിന്റെ ഏറാൻമൂളികളെ വി.സിമാരാക്കാനുള്ള ബില്ലിനെയും നിയമസഭയിൽ എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താലേഖകരോട് പറഞ്ഞു.
ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും ,വിശ്വാസ്യതയും തകർക്കാനാണ് സർക്കാരിന്റെ ഇഷ്ടക്കാരെ വി.സിമാരാക്കാൻ ശ്രമിക്കുന്നത്. കേരളത്തിലെ സർവകലാശാലകളിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് അപേക്ഷിക്കുന്ന കുട്ടികളുടെ എണ്ണം കുറയുകയാണ്. ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് കുട്ടികൾ യു.കെയും യു.എസും ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് പോകുന്നു. സർക്കാരും ഗവർണറും തമ്മിലുള്ള പോരിൽ പ്രതിപക്ഷം കക്ഷി ചേരില്ല. അവരെപ്പോൾ വേണമെങ്കിലും ഒത്തുതീർപ്പിലെത്താം. ഗവർണർ സ്ഥാനത്തിരുന്ന് വി.സിയെ ക്രിമിനലെന്ന് വിളിക്കുന്നതിനോട് യോജിപ്പില്ല. പക്ഷേ, ഈ വി.സിയുടെ നിയമനം ക്രമരഹിതമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണ്. സെർച്ച് കമ്മിറ്റി റദ്ദാക്കി വി.സിക്ക് പുനർ നിയമനം നൽകണമെന്നാവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി ഗവർണർക്ക് കത്തയച്ചതും നിയമവിരുദ്ധമാണ്. മന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ വി.സിക്ക് പുനർനിയമനം നൽകിയത് ഗവർണറാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനാണ് പ്രതിപക്ഷത്തിന് ഗവർണറുമായി ഏറ്റുമുട്ടേണ്ടി വന്നത്.പിന്നീട്, നിയമനം ക്രമവിരുദ്ധമാണെന്ന് ഇതേ ഗവർണർ പറഞ്ഞു. അങ്ങനെയെങ്കിൽ വി.സിയോട് രാജിയാവശ്യപ്പെടുകയോ, പുറത്താക്കുകയോ ചെയ്യണമായിരുന്നു. അന്നതൊന്നും ചെയ്യാതെ ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ ധാരണയുണ്ടാക്കി.
എല്ലാ സർവകലാശാലകളിലെയും അദ്ധ്യാപക നിയമനം സി.പി.എം നേതാക്കളുടെ ബന്ധുക്കൾക്കായി മാറ്റിവച്ചിരിക്കുകയാണ്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് സർവകലാശാലകളിലെ അനദ്ധ്യാപക നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടത് പോലെ ,അദ്ധ്യാപക നിയമനങ്ങളും പി.എസ്.സിക്ക് വിട്ടാലേ സ്വജനപക്ഷപാതമില്ലാതാകൂവെന്നും സതീശൻ പറഞ്ഞു.
ബന്ധുനിയമനം അന്വേഷിക്കണമെന്ന്
പ്രതിപക്ഷ നേതാവിന്റെ കത്ത്
കഴിഞ്ഞ ആറുവർഷത്തെ എൽ.ഡി.എഫ് ഭരണത്തിൽ സംസ്ഥാനത്തെ സർവകലാശാലകളിൽ നടത്തിയ ബന്ധുനിയമനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഗവർണർക്ക് കത്ത് നൽകി.
ബന്ധുനിയമനത്തിലൂടെയും സ്വജനപക്ഷപാതത്തിലൂടെയും മികവിന്റെയും ആശയസംവാദങ്ങളുടെയും വിളനിലമാകേണ്ട സർവകലാശാലകളെ സർക്കാർ തകർക്കുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തുണ്ടായിരിക്കുന്ന തകർച്ചയെ തുടർന്ന് ഉപരിപഠനത്തിന് മറ്റു രാജ്യങ്ങളെയും സംസ്ഥാനങ്ങളെയും ആശ്രയിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണവും സംസ്ഥാനത്ത് കൂടി വരികയാണ്.
മുൻ രാജ്യസഭാംഗവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ രാഗേഷിന്റെ ഭാര്യയായ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രൊഫസറാക്കിയത് ബന്ധു നിയമന പട്ടികയിൽ ഏറ്റവും അവസാനത്തേതാണെന്നും അദ്ദേഹം ആരോപിച്ചു.