പത്തൊമ്പതാം നൂറ്റാണ്ടിൽ നങ്ങേലിയായി അരങ്ങേറ്റം കുറിക്കുന്ന കയാദു ലോഹർ സംസാരിക്കുന്നു
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ലൊക്കേഷനിലാണ് കയാദു ലോഹർ ആദ്യമായി ഓണസദ്യ കഴിക്കുന്നത്. ഇത്തവണ തിരുവോണദിവസം പത്തൊമ്പതാം നൂറ്റാണ്ട് തിയേറ്ററിൽ എത്തുമ്പോൾ മലയാളത്തിന്റെ നായിക നിരയിൽ അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞതിന്റെ ആഹ്ളാദമാണ് കയാദുവിന്. ആദ്യമായി കഴിച്ച ഓണസദ്യയിൽ നിന്ന് ഒപ്പം കൂടിയ പപ്പടത്തിന്റെ രുചി ഇപ്പോഴും നാവിൽ നിന്നു പോവാതെ നില്പുണ്ടെന്ന സന്തോഷം പങ്കുവച്ചു വാരാന്ത്യകൗമുദിയോട്  കയാദു.

നങ്ങേലി എന്ന കഥാപാത്രമായി മാറാൻ എന്തൊക്കെയായിരുന്നു തയ്യാറെടുപ്പ്?
നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കരെ പോലെ വീറോടും വാശിയോടും സ്ത്രീകളുടെ മാനത്തിനായി പോരാടിയ മാറുമറയ്ക്കൽ സമരനായികയാണ് നങ്ങേലി. അതിനാൽ ശാരീരികമായും മാനസികമായും കഥാപാത്രമായി മാറേണ്ടതുണ്ട്. ഡയറ്റ് പ്ളാൻ അനുസരിച്ചായിരുന്നു ഭക്ഷണം. കളരിപ്പയറ്റും കുതിരസവാരിയും പഠിച്ചു. ആക്ഷൻ സീനിൽ അഭിനയിക്കാൻ ശരീരം പാകപ്പെടുത്തി. പത്തൊമ്പതാം നൂറ്റാണ്ട് വലിയ സിനിമയാണ്. മലയാളം ഡയലോഗിന്റെ ഉച്ചാരണം ലഭിക്കുന്നതിന് പതിനഞ്ച് ദിവസത്തെ പരിശീലനം. നങ്ങേലിയെക്കുറിച്ച് അറിയാൻ ശ്രമിച്ചു. ഞാൻ മലയാളിയല്ലാത്തതിനാൽ ഒരു ചരിത്ര കഥാപാത്രം ചെയ്യുമ്പോൾ കൂടുതൽ കാര്യങ്ങൾ അറിയുകയും പഠിക്കുകയും വേണം. നങ്ങേലിയെക്കുറിച്ച് വായിച്ച് അറിഞ്ഞു. ആദ്യദിവസം നല്ല ടെൻഷനുണ്ടായിരുന്നു. കാരണം പത്തൊമ്പതാം നൂറ്റാണ്ട് ഒരു ചരിത്ര സിനിമയാണ്. ഞാൻ പുതുതലമുറയിലെ ആളും.വേലായുധ പണിക്കരെയും നങ്ങേലിയെയും കാണാൻ പ്രേക്ഷകരെ പോലെ ഞാനും കാത്തിരിക്കുന്നു.
മോഡലിംഗ് രംഗത്തുവന്ന കയാദു എങ്ങനെ പത്തൊമ്പതാം നൂറ്റാണ്ടിൽ എത്തി ?
ഈ ചോദ്യത്തിന് മറുപടി വിനയൻ സാറാണ് പറയേണ്ടത്. മലയാള സിനിമയിൽ ആരെയും എനിക്ക് പരിചയമില്ല. ഒരു ദിവസം  വിനയൻ സാറിന്റെ ഫോൺ. ആ സമയത്ത് എന്റെ  ആദ്യ കന്നട ചിത്രമായ മുകിൾ പെട്ട റിലീസായിട്ടില്ല.
ഇക്കാര്യം ഞാൻ വിനയൻ സാറിനോട് പറയുകയും ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഭാഗമാണ് കയാദു എന്നും കൊച്ചിയിൽ വരണമെന്നും പറഞ്ഞു. അപ്പോഴും എന്റെ അത്ഭുതം മാറുന്നില്ല. ഇപ്പോൾ സന്തോഷം മാത്രം. വിനയൻ സാറിന്റെ നിർദ്ദേശം പോലെ ചെയ്യാൻ ശ്രമിച്ചതിന്റെ ഫലം സ്ക്രീനിൽ കാണാൻ കഴിയുമെന്നാണ് പ്രതീക്ഷ. തിരുവോണ ദിവസം ഞാൻ വരുന്നു. ദയവായി, എന്നെ സ്വാഗതം ചെയ്യുക. എല്ലാവരും സിനിമ കാണുക. ഒരിക്കൽക്കൂടി ചരിത്രം അറിയുക.
സിനിമ എങ്ങനെ മനസിൽ കയറി?
സിനിമയിൽ അഭിനയിക്കുമെന്ന് ഒരിക്കലും കരുതിയില്ല. എന്നാൽ സിനിമ കാണുമ്പോൾ ഇഷ്ടപ്പെട്ട താരത്തിന്റെ അഭിനയം ആസ്വദിച്ചപ്പോഴെല്ലാം അവരെപോലെയാവണമെന്ന് ആഗ്രഹിച്ചു. ആർക്കും അങ്ങനെ തോന്നുമല്ലോ. സാധിക്കില്ല എന്ന ചിന്ത അപ്പോഴുമുണ്ട്. പത്താം ക്ളാസ് പഠിക്കുമ്പോൾ അപ്രതീക്ഷിതമായാണ് മോഡലിംഗ് രംഗത്തുവരുന്നത്. അന്നുമുതൽ സിനിമയിലേക്കുള്ള യാത്ര തുടങ്ങി എന്ന് പറയാം. എങ്ങനെ ഞാൻ ഒരു നടിയായി എന്ന് അറിയില്ല. സിനിമയെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ ജീവിതം. അത്രമാത്രം സിനിമയെ സ്നേഹിക്കുന്നു.മുകിൾ പെട്ട ഈ വർഷമാണ് റിലീസ് ചെയ്തത്. 
തെലുങ്കിൽനിന്ന് മലയാള സിനിമ എങ്ങനെ വ്യത്യസ്തമാകുന്നു?
രണ്ടിടത്തും രണ്ടു രീതിയിലെ സിനിമകളാണ് . മലയാള സിനിമകൾ കാണാറുണ്ട്. കഥാപരമായി മികച്ച പ്രമേയങ്ങൾ ഉള്ള സിനിമകളാണ് മലയാളത്തിൽ ഉണ്ടാവുന്നത്. അത്തരം സിനിമ തെലുങ്കിൽ സംഭവിക്കുന്നില്ല, മലയാള സിനിമയുടെ ഭാഗമാവാൻ താത്പര്യമുണ്ട്. ഇനിയും മലയാളത്തിൽ അഭിനയിക്കണം. മലയാളികളെ എനിക്ക് ഇഷ്ടമാണ്.
കയാദു പുതുമ നിറഞ്ഞ പേര് ?
സംസ്കൃത പേരാണ് കയാദു. ഹിരണ്യ കശ്യപ മഹർഷിയുടെ പത്നിയുടെ പേര്. സ്ഥിരോത്സാഹത്തിനും ശക്തിക്കും പേരുകേട്ട ആളാണ് പുരാണത്തിലെ കയാദു. സ്ഥിരോത്സാഹി, ശക്ത എന്നാണ് കയാദുവിന്റെ അർത്ഥം .അസമിലെ റോംഗലി ആണ് നാട്. ജനിച്ചതും വളർന്നതും മഹാരാഷ്ട്രയിൽ. അച്ഛൻ മോഹൻലാൽ ലോഹർ. അമ്മ സുനിത ലോഹർ. സഹോദരൻ ഉദയ് ലോഹർ.കുടുംബത്തിൽനിന്ന് ലഭിക്കുന്ന പ്രോത്സാഹനമാണ് എന്റെ കരുത്ത്.
l