1

തിരുവനന്തപുരം: 'പുളിയിലക്കരയോലും പുടവ ചുറ്റി' എന്ന സിനിമാഗാനത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ ആർ. സോമശേഖരൻ (77) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ 5.15നായിരുന്നു അന്ത്യം. വാർദ്ധക്യകാല രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ജാതകം, ആർദ്രം, അയാൾ തുടങ്ങിയ ചിത്രങ്ങൾക്കും 50 ഓളം സീരിയലുകൾക്കും 40 ആൽബങ്ങൾക്കും അദ്ദേഹം ഈണം പകർന്നു. നിരവധി ഭക്തിഗാനങ്ങൾക്കും സംഗീതം നൽകി.

1982ൽ 'ഇതും ഒരു ജീവിതം' എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്. 1989ൽ പുറത്തിറങ്ങിയ 'ജാതകം' എന്ന ചിത്രത്തിലെ 'പുളിയിലക്കരയോലും പുടവചുറ്റി'യെന്ന ഗാനമാണ് എക്കാലവും അദ്ദേഹത്തെ പ്രേക്ഷകഹൃദയങ്ങളിൽ അടയാളപ്പെടുത്തുന്നത്. ആരോഗ്യ വകുപ്പിൽ

മെഡിക്കൽ ലബോറട്ടറി ടെക്‌നീഷ്യനായി ജോലി നോക്കിയിരുന്നു. പിന്നീട് ഒമാനിലേക്ക് പോയി. 'കിരീടം' എന്ന ചിത്രത്തിന് സംഗീതം നൽകാൻ അവസരം ലഭിച്ചെങ്കിലും വിദേശത്തെ ജോലിയും അവധിയും പ്രശ്‌നമായപ്പോൾ ആ അവസരം നഷ്ടപ്പെട്ടു. പ്രവാസജീവിതം അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിൽ നീണ്ട ഇടവേള സൃഷ്‌ടിച്ചു. അവധിയ്ക്കെത്തിയ സമയങ്ങളിലാണ് സിനിമകൾക്ക് സംഗീതം നൽകിയത്. സിനിമയിൽ രണ്ടാമതൊരു വരവ് ശ്രമകരമായപ്പോഴാണ് മിനിസ്ക്രീനിലും ആൽബങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചത്. 2019ൽ പുറത്തിറങ്ങിയ 'തുരീയം' എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ സംഗീത സംവിധാനം നിർവഹിച്ചത്.

തിരുവനന്തപുരം കാഞ്ഞിരംപാറ കൈരളി നഗർ സൗപർണികയിൽ കുടുംബസമേതമായിരുന്നു താമസം. പരേതരായ ഭാരതി അമ്മയുടേയും പരമേശ്വരൻ ഉണ്ണിത്താന്റേയും മകനാണ്. ഭാര്യ ജയമണി. മക്കൾ ജയശേഖർ, ജയശ്രീ, ജയദേവ്. മരുമക്കൾ സുധീഷ്, മീര. സംവിധായകൻ സുരേഷ് ഉണ്ണിത്താൻ ഇളയ സഹോദരനാണ്.മൃതദേഹം ഇന്നലെ തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിച്ചു.