
തിരുവനന്തപുരം: ഓണ നാളുകളിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വഴിവിട്ടുള്ള ഒഴുക്ക് തടയാൻ മുൻകരുതൽ നടപടികളുമായി എക്സൈസ്. ആഗസ്റ്റ് അഞ്ചിന് തുടങ്ങിയ പ്രത്യേക പരിശോധന സെപ്റ്റംബർ 12 ന് രാത്രി 12 മണി വരെ തുടരും.
ഓണക്കാലത്ത് വാറ്റു ചാരായ വിപണനത്തിനും, വില കുറഞ്ഞ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ വ്യാജൻ ധാരാളമായി എത്താനും സാദ്ധ്യതയുണ്ടെന്ന് വിലയിരുത്തുന്നു.
ലഹരി കേന്ദ്രമായ കൊച്ചി നഗരത്തിൽ അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശമുണ്ട്. നിശാ പാർട്ടികൾ അടക്കമുള്ള ആഘോഷങ്ങളിൽ എക്സൈസിന്റെ കണ്ണുണ്ടാവും.പൊലീസ്, റവന്യു, വനം വകുപ്പുകളുടെ സഹകരണത്തോടെയാവും പരിശോധനകൾ. തീര മേഖലയിൽ കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവയുടെയും സഹകരണം തേടും.
ലഹരി കേസുകളും അനധികൃത മദ്യ നിർമാണ, വിതരണവും കൂടുതലുള്ള ജില്ലകളിൽ തുടർച്ചയായ റെയ്ഡുകളും പരിശോധനയും നടക്കും. മറ്റു സംസ്ഥാനങ്ങൾ വഴി കടന്നു വരുന്ന ട്രെയിനുകളും, ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലായി പാർക്കുന്ന സ്ഥലങ്ങളും നിരീക്ഷണത്തിലാവും.അന്തർ സംസ്ഥാന സർവീസ് നടത്തുന്ന കണ്ടെയ്നർ ലോറികളും , പാലക്കാട്ട് നിന്ന് മറ്റു ജില്ലകളിലേക്ക് പെർമിറ്റിൽ കൊണ്ടുപോകുന്ന കള്ളിന്റെ ഗുണനിലവാരവും പരിശോധിക്കും.