വീണ്ടും ഹേമന്ദ് കുമാറിന്റെ രചനയിൽ

suha

കൊത്തിനുശേഷം സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുഹാസിനി, റോഷൻ മാത്യു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹേമന്ദ് കുമാർ രചന നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇൗമാസം അവസാനം ആരംഭിക്കും. കൊച്ചി, പാലക്കാട് എന്നിവിടങ്ങളാണ് ലൊക്കേഷൻ. കൊക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ ആണ് ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പുറത്തുവിടും.സിബി മലയിൽ സംവിധാനം ചെയ്ത് 1987 ൽ പുറത്തിറങ്ങിയ എഴുതാപ്പുറങ്ങൾ എന്ന ചിത്രത്തിൽ സുഹാസിനി അഭിനയിച്ചിട്ടുണ്ട്. സിബി മലയിൽ സംവിധാനം ചെയ്ത് വൻ വിജയം നേടിയ സമ്മർ ഇൻ ബത്‌ലഹേം നിർമ്മിച്ചതും സിയാദ് കോക്കറായിരന്നു.ആയിരത്തിൽ ഒരുവൻ, അപൂർവ്വരാഗം എന്നീ ചിത്രങ്ങൾക്കുവേണ്ടിയും സിബി മലയിലും സിയാദ് കോക്കറും ഒരുമിച്ചിട്ടുണ്ട്.

അതേസമയം സെപ്തംബർ 23ന് റിലീസ് ചെയ്യുന്ന കൊത്തിൽ ആസിഫ് അലി, റോഷൻ മാത്യു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാഷ്ട്രീയ കൊലപാതകം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രം ആറ് വർഷത്തിനുശേഷം എത്തുന്ന സിബി മലയിൽ സിനിമ കൂടിയാണ്. ഹേമന്ദ് കുമാർ രചന നിർവഹിക്കുന്ന ചിത്രത്തിൽ നിഖില വിമൽ ആണ് നായിക.