
തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാൻ ഉടക്ക് കടുപ്പിച്ച് അനുനയ നീക്കം അടച്ചതോടെ സർക്കാരും നിലപാട് മാറ്റി. ഗവർണറുടെ അധികാരം കവരുന്ന സർവകലാശാല ഭേദഗതി ബിൽ നാളെ സഭയിൽ വരും. സർക്കാരും ഗവർണറും തുറന്ന പോരിലേക്കാണ് നീങ്ങുന്നത്.
ഗവർണറെ കൂടുതൽ പ്രകോപിപ്പിക്കുന്നത് ഒഴിവാക്കാൻ സർവകലാശാല ബിൽ മാറ്റിവയ്ക്കാനുള്ള ആലോചനയായിരുന്നു കഴിഞ്ഞ ദിവസം വരെ. എന്നാൽ, കണ്ണൂർ വി.സിയെ ക്രിമിനലെന്ന് വിളിച്ചതോടെ ഗവർണർ അനുനയത്തിനില്ലെന്ന് ഉറപ്പായി. പിന്നീട് മനം മാറ്റമുണ്ടായി ഒപ്പുവയ്ക്കുന്നെങ്കിലാവട്ടെയെന്ന് വിലയിരുത്തിയാണ് ബിൽ ഒഴിവാക്കേണ്ടന്ന തീരുമാനത്തിലേക്ക് ഇന്നലെ സർക്കാരെത്തിയത്. മുഖ്യമന്ത്രി നിയമവിദഗ്ദ്ധരുമായടക്കം കൂടിയാലോന നടത്തി.
പാസാക്കുന്ന ബില്ലുകളോട് ഗവണർക്ക് ഏറെനാൾ നിഷേധസമീപനം തുടരാനാവില്ലെന്ന് സർക്കാർ കരുതുന്നു. സംസ്ഥാന പട്ടികയിൽപ്പെട്ട വിഷയങ്ങളിലുള്ള നിയമനിർമ്മാണങ്ങളാണ് എല്ലാം.
തമിഴ്നാട്, ബംഗാൾ, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ ചാൻസലറായ ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബില്ലുകൾ പാസാക്കിയെങ്കിലും ഗവർണർമാർ ഒപ്പിട്ടിട്ടില്ല. മഹാരാഷ്ട്ര ബിൽ രാഷ്ട്രപതിയുടെ പക്കലാണിപ്പോൾ. സംസ്ഥാനങ്ങൾ കൂടിയാലോചിച്ച് നിയമനടപടിക്ക് തയ്യാറായാൽ കേരളവും ഒപ്പം ചേർന്നേക്കും.
അതേസമയം, സർവകലാശാല ഭേദഗതി ബിൽ ഇപ്പോൾ പരിഗണിക്കുന്നതിൽ സി.പി.എമ്മിൽ രണ്ടഭിപ്രായമുള്ളതായും സൂചനയുണ്ട്. ഗവർണറുടേത് പദവിക്കു ചേരാത്ത രാഷ്ട്രീയപ്രതികരണമാണെന്നാണ് ഇടതുമുന്നണി പൊതുവേ വിലയിരുത്തുന്നത്. ക്രിമിനൽ പ്രയോഗത്തോട് പ്രതിപക്ഷനേതാവും ഇന്നലെ വിയോജിച്ചു. ഗവർണർക്കു നേരെയുള്ള രാഷ്ട്രീയാക്രമണം സി.പി.എം ശക്തമാക്കുമെങ്കിലും മുഖ്യമന്ത്രിയോ മന്ത്രിമാരോ നേരിട്ടുള്ള പരസ്യവിമർശനത്തിന് തുനിയാനിടയില്ല.
സർക്കാർ ഭാഗ്യ പരീക്ഷണത്തിന്
ഗവർണർ ഇടഞ്ഞുനിൽക്കുന്നത് സർക്കാരിന് ഭരണപരമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. അതെങ്ങനെ തരണം ചെയ്യുമെന്നതും ചോദ്യമാണ്. ബില്ലുകൾ തടഞ്ഞുവച്ചാലും ആറു മാസത്തേക്കെങ്കിലും ഒന്നും ചെയ്യാനാവില്ലെന്നിരിക്കെ ഭാഗ്യപരീക്ഷണത്തിനാണ് സർക്കാർ മുതിരുന്നത്. സഭാസമ്മേളനം അവസാനിച്ച്, കാര്യങ്ങളൊന്ന് ശാന്തമാകുമ്പോൾ ഗവർണറുമായി അനുനയവഴികൾ വീണ്ടും തേടിയേക്കും.