pinarayi

തിരുവനന്തപുരം: അധികാരം ലഭിക്കുമ്പോൾ മനുഷ്യത്വം മുൻനിറുത്തിയാണ് പ്രശ്നപരിഹാരം കാണേണ്ടതെന്നും അത് സാധാരണക്കാരുടെ ജീവിതത്തിൽ മാറ്റങ്ങൾക്ക് കാരണമാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ അനുമോദിക്കാൻ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതി വലിയതോതിൽ ബാധിക്കാത്ത മേഖലയാണ് സിവിൽ സർവീസ്. എന്നാൽ അഴിമതിയിലേക്ക് പോയാൽ നേരായ പാതയിലെത്താൻ വിഷമകരമാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുമ്പോഴും പൂർണമായും സാമൂഹ്യ സാമ്പത്തിക സമത്വം നേടാനായിട്ടില്ല. അതിനായി പരിശ്രമിക്കണമെന്നും സാമൂഹ്യഐക്യം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. സിവിൽ സർവീസ് നേടിയ 30 പേർക്ക് മുഖ്യമന്ത്രി ഉപഹാരം നൽകി. മന്ത്രി ആർ.ബിന്ദു അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ചീഫ് സെക്രട്ടറി വി.പി.ജോയ്, ഡി.ജി.പി അനിൽ കാന്ത്,ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്,സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരള ഡയറക്ടർ വി.വിഘ്‌നേശ്വരി,അക്കാഡമി ഫാക്കൽട്ടി ശ്രീജിത് കെ.ആർ എന്നിവർ പങ്കെടുത്തു.