
തിരുവനന്തപുരം: ലോകായുക്ത ജഡ്ജിമാർ വിചാരണയും തെളിവെടുപ്പും നടത്തി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ഭരണാധികാരികൾ ഉൾപ്പെടുന്ന പ്രത്യേക സമിതിക്ക് പുന:പരിശോധിക്കാമെന്ന തരത്തിലുള്ള നിയമഭേദഗതി ബിൽ നിയമസഭ പാസാക്കുന്നതോടെ ലോകായുക്ത ജുഡിഷ്യൽ കമ്മിഷന്റെ നിലവാരത്തിലേക്ക് താഴുമെന്ന് ആക്ഷേപം. ജുഡിഷ്യൽ കമ്മിഷൻ ശുപാർശകൾ സർക്കാരിന് തള്ളുകയോ കൊള്ളുകയോ ചെയ്യാം. ഗവർണർ ഒപ്പിടാതിരുന്നതിനെത്തുടർന്ന് അസാധുവായ ഓർഡിനൻസിന് പകരമായുള്ള ബിൽ ഇന്നാണ് നിയമസഭയിൽ അവതരിപ്പിക്കുന്നത്. മുഖ്യമന്ത്രിക്കും ഗവർണർക്കും ഉത്തരവ് പുന:പരിശോധിക്കാമെന്നാണ് ഗവർണർ ഒപ്പിടാതിരുന്നതിനെത്തുടർന്ന് അസാധുവായ ഓർഡിനൻസിലെ വ്യവസ്ഥ.
മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷനേതാവ്, നിയമ-റവന്യു മന്ത്രിമാർ എന്നിവരുടെ സമിതിക്കോ നിയമസഭയ്ക്കോ ലോകായുക്ത വിധി പുനഃപരിശോധിക്കാമെന്ന നിയമഭേദഗതിയാകും ബില്ലിലൂടെ കൊണ്ടുവരിക. ഇത്തരത്തിലുള്ള സി.പി.ഐ നിർദ്ദേശം ഔദ്യോഗിക ഭേദഗതിയായി അംഗീകരിച്ചാകും ബില്ലിൽ ഉൾപ്പെടുത്തുക. പൊതുസേവകനെതിരെ ആരോപണം തെളിയുകയും പദവിയിൽ തുടരാൻ പാടില്ലെന്ന് ലോകായുക്ത പ്രഖ്യാപിക്കുകയും ചെയ്താൽ ഉടനടി രാജിവയ്ക്കണമെന്ന 14-ാം വകുപ്പാണ് ഭേദഗതി ചെയ്യുന്നത്. അഴിമതിയോട് സന്ധിയില്ലെന്ന സർക്കാരിന്റെ നയവുമായി ചേർന്നുപോവുന്നതല്ല ഭേദഗതിയെന്ന ആക്ഷേപമുയർന്നിട്ടുണ്ട്.
ലോകായുക്ത ഉത്തരവുകൾ നിലവിൽ ഹൈക്കോടതി ഡിവിഷൻബഞ്ചിൽ ചോദ്യംചെയ്യപ്പെടാമെന്നിരിക്കെയാണ് പ്രത്യേക സമിതിയുടെ പുന:പരിശോധന നിർദ്ദേശിക്കുന്ന ഭേദഗതി. അതേസമയം, ഉത്തരവിനെതിരെ ലോകായുക്ത ഡിവിഷൻബഞ്ചിൽ തന്നെ അപ്പീൽ നൽകാനുള്ള ഭേദഗതിയായിരുന്നു അനുയോജ്യമെന്ന് നിയമവൃത്തങ്ങൾ പറയുന്നു. എന്നാൽ, ലോകായുക്തയ്ക്ക് ഭരണഘടനാപരമായ സംവിധാനങ്ങളെ അയോഗ്യമാക്കാൻ കഴിയില്ലെന്ന വ്യവസ്ഥയാണ് ഒഴിവാക്കുന്നതെന്നും ഇത്തരമൊന്ന് ലോകത്തെവിടെയുമില്ലെന്നുമാണ് സർക്കാർ വാദം.
ഭേദഗതി വന്നാലും
ഉത്തരവ് നൽകാം
നിയമഭേദഗതി വന്നാലും സെക്ഷൻ 14 പ്രകാരം നടപടി റിപ്പോർട്ട് നൽകാൻ ഇപ്പോഴും അധികാരമുണ്ടെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ വിധി പുറപ്പെടുവിക്കുംവരെ ലോകായുക്തയുടെ അധികാരം നിയമാനുസൃതം തുടരും. പിന്നീട്, വിധി നടപ്പിലാക്കുന്നത് സംബന്ധിച്ചാണ് ഭേദഗതി ബാധകമാകുന്നത്. റിപ്പോർട്ട് എന്ത് ചെയ്യണമെന്ന ചോദ്യം പിന്നീടാണ് ഉയരുന്നതെന്നും നിയമഭേദഗതി, കേസുകൾ കൈകാര്യം ചെയ്യുന്ന രീതിക്കു ബാധകമല്ലെന്നും ലോകായുക്ത വ്യക്തമാക്കിയിട്ടുണ്ട്.
ഉത്തരവുകൾക്ക്
വിലയില്ലാതാവും
ലോകായുക്ത ഉത്തരവുകൾ ശുപാർശയായി മാറുന്നതോടെ, കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുകയോ നടപടി നിർദ്ദേശം തള്ളുകയോ ചെയ്യാം. ഇതോടെ വിധിക്ക് പ്രസക്തിയില്ലാതാകും.
പൊലീസിലെ ഐ.ജി തലവനായ അന്വേഷണ ഏജൻസി ലോകായുക്തയ്ക്കുണ്ട്. ഇവരെക്കൊണ്ട് അന്വേഷിപ്പിച്ച് അഴിമതി കണ്ടെത്തുന്ന നടപടി പ്രഹസനമാകും.
'' അഴിമതിവിരുദ്ധ സംവിധാനങ്ങൾ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാക്കി അഴിമതിക്കും കൊള്ളയ്ക്കും സർക്കാർ ഗ്രീൻസിഗ്നൽ കാട്ടുകയാണ്.
- വി.ഡി.സതീശൻ
പ്രതിപക്ഷനേതാവ്
സമിതി അല്ലെങ്കിൽ നിയമസഭ അപ്പീലധികാരി---
ലോകായുക്ത ഭേദഗതി ബില്ലിൽ സി.പി.ഐ
നിർദ്ദേശം ഔദ്യോഗിക ഭേദഗതിയാവും
തിരുവനന്തപുരം: ലോകായുക്തയുടെ ചിറകരിയുന്നതെന്ന് വിമർശനമുയർന്ന നിലവിലെ ഭേദഗതിബിൽ അതേപടിയാവും ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുക. ഇതിനോട് വിയോജിപ്പുള്ള സി.പി.ഐ നിർദ്ദേശിച്ച വ്യവസ്ഥകളിലേതെങ്കിലുമൊന്ന് ബിൽ പാസാക്കുന്ന വേളയിൽ ഔദ്യോഗിക ഭേദഗതിയായി അംഗീകരിക്കാനാണ് സി.പി.മ്മുമായി ഉണ്ടായ ധാരണ.
മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷനേതാവ്, റവന്യു, നിയമമന്ത്രിമാർ എന്നിവരടങ്ങുന്ന അഞ്ചംഗസമിതി അല്ലെങ്കിൽ നിഷ്പക്ഷ ജനകീയസഭയെന്ന നിലയിൽ നിയമസഭ ഇവയിലേതെങ്കിലുമൊന്ന് അപ്പീലധികാരിയാവണമെന്നതാണ് സി.പി.ഐ ഫോർമുല. ഇതിന്റെ വിവിധ വശങ്ങൾ സംബന്ധിച്ച് സർക്കാർ നിയമോപദേശം തേടി വ്യക്തത വരുത്തിയിട്ടുണ്ട്.
നിയമത്തിലെ പതിനാലാം വകുപ്പിൽ വരുത്തിയ ഭേദഗതിയനുസരിച്ച് കോംപിറ്റന്റ് അതോറിറ്റികളായ മുഖ്യമന്ത്രി, സർക്കാർ, ഗവർണർ എന്നിവർക്ക് ഹിയറിംഗ് നടത്തി മൂന്ന് മാസത്തിനകം ലോകായുക്ത വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാം. ഈ ഭേദഗതി ലോകായുക്തയുടെ പല്ലും നഖവും അരിയുമെന്ന വിമർശനമുയർത്തിയാണ് പ്രതിപക്ഷം രംഗത്തെത്തിയത്.
ബിൽ ചർച്ചയിൽ സി.പി.ഐ വ്യവസ്ഥകൾ മുന്നോട്ടുവയ്ക്കും. അഞ്ചംഗ സമിതിക്ക് ഭരണപക്ഷപാതിത്വ സ്വഭാവമുള്ളതിനാൽ നിയമസഭയെന്ന വ്യവസ്ഥയ്ക്കാവും സ്വീകാര്യത കിട്ടുകയെന്നാണ് സി.പി.ഐ വിലയിരുത്തൽ.
ലോകായുക്ത ബിൽ ഇന്ന്,
സഭ ഒന്നിന് പിരിയും
തിരുവനന്തപുരം: സർവകാലാശാലാ ബില്ലും ഉൾപ്പെടുത്തിയതോടെ വിവാദ ലോകായുക്ത ബില്ലവരണം നാളെ നിശ്ചയിച്ചിരുന്നത് ഇന്നത്തേക്ക് മാറ്റി. ഇന്നും നാളെയുമായി മൂന്ന് ബില്ലുകൾ വീതമാണ് സ്പീക്കർ നേരത്തേ ലിസ്റ്റ് ചെയ്തിരുന്നത്. സർവകലാശാലാ ബിൽ ഈ പട്ടികയിലില്ലായിരുന്നു. പുതിയ മുൻഗണനാപട്ടിക സർക്കാർ ഇന്നലെ കാര്യോപദേശകസമിതി മുമ്പാകെ വച്ച് പുതുക്കുകയായിരുന്നു.
12 ബില്ലുകളുടെ ആദ്യ പരിഗണന ഇന്നും നാളെയുമായി നടക്കും. രണ്ട് ദിവസമായി ആറ് ബില്ലുകൾ വീതം ചർച്ച ചെയ്ത് സബ്ജക്ട് കമ്മിറ്റികൾക്ക് വിടും. സി.പി.ഐ ജില്ലാ സമ്മേളനം കണക്കിലെടുത്ത് 25, 26 തീയതികളിൽ സഭ ചേരില്ല. 29 മുതൽ തുടർച്ചയായ നാല് ദിവസങ്ങളിൽ മുഴുവൻ ബില്ലുകളും പാസാക്കും. സെപ്തംബർ രണ്ട് വരെ സമ്മേളനം നിശ്ചയിച്ചിരുന്നെങ്കിലും രണ്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പങ്കെടുക്കേണ്ടതിനാൽ ഒരു ദിവസം നേരത്തേ സഭ പിരിയും.
പ്രതിപക്ഷ സഹകരണം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി ദോശ ചുടുംപോലെ ബില്ലുകൾ പാസാക്കുന്നത് അനുവദിക്കാനാവില്ലെന്ന നിലപാട് ഇന്നലെ കാര്യോപദേശകസമിതി യോഗത്തിൽ പ്രതിപക്ഷം സ്വീകരിച്ചു. എന്നാൽ സാഹചര്യങ്ങളുടെ സമ്മർദ്ദമുള്ളതിനാൽ സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ഓണക്കാലമായതിനാൽ രണ്ടാം തീയതിക്കപ്പുറത്തേക്ക് സഭ കൊണ്ടുപോകാനാവില്ല. ബില്ലുകൾ പാസാക്കേണ്ട ബാദ്ധ്യതയുമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.