
തിരുവനന്തപുരം: ട്രഷറി ഇടപാടുകളിൽ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുമെന്നും ആദ്യ ഘട്ടത്തിൽ ഓഫീസുകളിലും തുടർന്ന് ഓരോ സീറ്റിലും ഇത് നടപ്പാക്കുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ട്രഷറി ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിന് ജീവനക്കാർക്ക് ആധാർ അധിഷ്ഠിത ബയോമെട്രിക് സൗകര്യം ഏർപ്പെടുത്തിയത് ഇതിന്റെ ഭാഗമായാണെന്നും സംയോജിത ധനകാര്യ മാനേജ്‌മെന്റ് സിസ്റ്റത്തിലെ പുതിയ സൗകര്യങ്ങൾ ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.
ഗസറ്റഡ് ഓഫീസർമാരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട എ.ടി.സി, സി.ടി.സി. എന്നിവ സ്പാർക് മുഖേന ഓൺലൈനായി സമർപ്പിക്കുന്നിത് സൗകര്യമുണ്ടാക്കും. അതോടെ ഇൗ റിപ്പോർട്ടുകൾ എ.ജി ഓഫീസിലെത്താൻ കാലതാമസമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
മാസ്കോട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗ്, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഫിനാൻസ് റിസോഴ്സസ്) കെ.എം. മുഹമ്മദ് വൈ. സഫറുള്ള, ട്രഷറി വകുപ്പ് ഡയറക്ടർ വി. സാജൻ തുടങ്ങിയവർ പങ്കെടുത്തു.