
തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രണം, മുഖ്യമന്ത്രിയുടെ യാത്രക്കിടയിലെ കരുതൽ തടങ്കൽ, ഷാർജ ഭരണാധികാരിയുടെ കേരള സന്ദർശനം തുടങ്ങി സഭാതലത്തിൽ
ഉന്നയിക്കേണ്ട പട്ടികയിലെ ചോദ്യങ്ങൾ പൊതുപ്രാധാന്യമില്ലെന്ന് പറഞ്ഞ് നിയമസഭാ സെക്രട്ടേറിയറ്റ് മാറ്റിയെന്ന് പരാതി.
സഭയിലുന്നയിക്കാൻ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളായി നൽകിയവയാണ് ചട്ടവിരുദ്ധമായി നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളാക്കിയതെന്ന് കോൺഗ്രസ് അംഗം എ.പി. അനിൽകുമാർ സ്പീക്കർ എം.ബി. രാജേഷിന് നൽകിയ പരാതിയിൽ പറഞ്ഞു. മുഖ്യമന്ത്രിയിൽ നിന്ന് നേരിട്ട് മറുപടി ലഭിക്കേണ്ട വിഷയങ്ങളിലാണ് നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങളായി താനടക്കമുള്ള സാമാജികർ നോട്ടീസ് നൽകിയത്. 26 നോട്ടീസുകളാണ് സ്പീക്കറുടെ നിർദ്ദേശങ്ങൾക്കും മുൻകാല റൂളിംഗുകൾക്കും വിരുദ്ധമായി നക്ഷത്രചിഹ്നമിടാത്തവയായി മാറ്റിയത്.
ഇന്ന് സഭയിലുന്നയിക്കാനായി താനും തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം. വിൻസന്റ്, എൽദോസ് പി. കുന്നപ്പിള്ളിൽ എന്നിവരും ചേർന്ന് നൽകിയതായിരുന്നു ഷാർജ ഭരണാധികാരിയുടെ കേരള സന്ദർശനം സംബന്ധിച്ച ചോദ്യം. എന്നാലിത് സഭയിലുന്നയിക്കാനുള്ള പൊതുപ്രാധാന്യമില്ലെന്നും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടേറിയറ്റ് നക്ഷത്രചിഹ്നമിടാത്ത ചോദ്യമാക്കി. കെ. ബാബു, സണ്ണി ജോസഫ് തുടങ്ങിയവരുടെ, എ.കെ.ജി സെന്റർ ആക്രമണം, മുഖ്യമന്ത്രിയുടെ യാത്രയിലെ കരുതൽ തടങ്കൽ എന്നിവ സംബന്ധിച്ച ചോദ്യങ്ങളും മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനം, നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ വിദേശ പൗരനെ രക്ഷപ്പെടുത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന ആരോപണം എന്നിവയിൽ കെ.കെ. രമ അടക്കമുള്ളവർ നോട്ടീസ് നൽകിയ ചോദ്യങ്ങളും ഇതേ കാരണം പറഞ്ഞ് മാറ്റി.
കേരളം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് ബോംബെറിഞ്ഞ കുറ്റവാളികളെ പിടിക്കാനാവാത്ത പൊലീസ് നിഷ്ക്രിയത്വവും, മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ സാധാരണ ജനങ്ങളെ നിയമവിരുദ്ധമായി കരുതൽ തടങ്കലിൽ വയ്ക്കുന്ന പൊലീസ് നടപടിയും പൊതുപ്രാധാന്യമില്ലാത്തവയാണെങ്കിൽ നിയമസഭാസമ്മേളനം തന്നെ അപ്രസക്തമാണ്. വിഷയങ്ങൾക്ക് പൊതുപ്രാധാന്യമില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനമെന്തെന്ന് വ്യക്തമാക്കാൻ സ്പീക്കർ തയാറാകണം. ചോദ്യോത്തരവേളയുടെ സാംഗത്യമില്ലാതാക്കുന്ന കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.