
തിരുവനന്തപുരം: സിവിൽ സപ്ലൈസ് കോർപറേഷൻ ജീവനക്കാർക്ക് 8.33% ബോണസ് നൽകുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 30 ദിവസത്തിൽ കുറയാതെ ഹാജരുള്ള, 24,000 രൂപ വരെ പ്രതിമാസ ശമ്പളമുള്ള സ്ഥിരം ജീവനക്കാർക്ക് 7000 രൂപ എന്ന പരിധിക്കു വിധേയമായി 6,996 രൂപ ബോണസ് ലഭിക്കും.
സപ്ലൈകോയിൽ ഡെപ്യൂട്ടേഷനിലുള്ളവരിൽ 34,240 രൂപ വരെ ശമ്പളം ലഭിക്കുന്നവർക്ക് 4,000 രൂപ ബോണസ് നൽകാനും ധാരണയായി.
താത്കാലിക, കരാർ തൊഴിലാളികളിൽ 180 ദിവസം ഹാജരുള്ള 24,000 രൂപ വരെ ശമ്പളമുള്ളവർക്ക് ബോണസ് 3,750 രൂപയായി വർദ്ധിപ്പിച്ചു. 180 ദിവസത്തിൽ കുറവ് ഹാജരുള്ളവർക്ക് ഹാജരിന് ആനുപാതികമായി ബോണസ് ലഭിക്കും. 24,000 രൂപയിലധികം ശമ്പളമുള്ള സപ്ലൈകോ സ്ഥിരം, താത്കാലിക ജീവനക്കാർക്കും 34,240 രൂപയിലധികം ശമ്പളമുള്ള ഡെപ്യൂട്ടേഷൻ ജീവനക്കാർക്കും സർക്കാർ നിശ്ചയിക്കുന്ന പ്രകാരമുള്ള ഉത്സവബത്ത നൽകും.
സ്ഥിരം ജീവനക്കാർക്ക് 10 ഗഡുക്കളായി തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയിൽ 25,000 രൂപ ഉത്സവ അഡ്വാൻസ് അനുവദിക്കും. ജീവനക്കാർക്ക് സപ്ലൈകോയിൽ നിന്നു സാധനങ്ങൾ വാങ്ങാൻ 900 രൂപയുടെ സമ്മാന കൂപ്പണും നൽകും. യോഗത്തിൽ സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ.സഞ്ജീവ് കുമാർ പട്‌ജോഷി, ജനറൽ മാനേജർ ശ്രീറാം വെങ്കിട്ടരാമൻ എന്നിവരും പങ്കെടുത്തു.