sree

തിരുവനന്തപുരം: നഗരമദ്ധ്യത്ത് ഇടപ്പഴിഞ്ഞിയിൽ നട്ടുച്ചയ്ക്ക് സ്കൂട്ടറിലെത്തി വീട് കുത്തിത്തുറന്ന് കവർച്ചയ്ക്ക് ശ്രമിച്ച രണ്ടുപേരെ സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ തടയാൻ ശ്രമിക്കുന്നതിനിടെ തോക്കൂചൂണ്ടി രക്ഷപ്പെട്ടു. വഴിയിൽ തടയാൻ ശ്രമിച്ച പൊലീസുകാരനുനേരെയും തോക്കുചൂണ്ടി. അന്യസംസ്ഥാനക്കാരെന്ന് കരുതുന്ന ഇവർക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെ ഇടപ്പഴിഞ്ഞി സി.എസ്.എം നഗറിൽ മലയിൻകീഴ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിന്ധുവിന്റെ വീട്ടിലായിരുന്നു കവർച്ചാശ്രമം. സിന്ധു സ്കൂളിലും മക്കൾ ജോലിസ്ഥലത്തുമായിരുന്നതിനാൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കെ.എൽ 22 എഫ് 3094 നമ്പർ ഹോണ്ട ആക്ടീവ സ്കൂട്ടർ പുറത്തുവച്ചശേഷം ഗേറ്റിന്റെ പൂട്ട് തകർത്താണ് വീട്ടുവളപ്പിൽ കടന്നത്.

മുൻവശത്തെ കതക് കുത്തിത്തുറക്കുന്നത് എതി‌ർവശത്തെ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിലെ ജീവനക്കാരനായ പ്രവീണിന്റെ (ലാൽ) ശ്രദ്ധയിൽപെട്ടു. ബാങ്കിൽ പണം അടയ്ക്കാനായി സ്കൂട്ടറിൽ കയറവേയാണ് പ്രവീൺ ഇവരെക്കണ്ടത്. വീട്ടിൽ ആരുമില്ലെന്ന് അറിയാമായിരുന്നതിനാൽ ആരാണെന്ന് ചോദിച്ചു. ഇവിടെ ആളില്ലെന്ന് ഹിന്ദിയിൽ പറഞ്ഞശേഷം മോഷ്ടാക്കൾ രക്ഷപ്പെടാൻ ശ്രമിച്ചു.

ഗേറ്റിന് സമീപം തന്റെ സ്കൂട്ടർ വട്ടംവച്ച് അവരുടെ സ്കൂട്ടർ തടഞ്ഞ് പ്രവീൺ താക്കോൽ ഊരിയെടുത്തു. അതിനിടെ പിൻസീറ്റിലിരുന്നയാൾ ബാഗിൽ ഒളിപ്പിച്ചിരുന്ന തോക്ക് ചൂണ്ടി താക്കോൽ തിരികെ ആവശ്യപ്പെട്ടു.

പരിഭ്രാന്തനാകാതെ പ്രവീൺ സ്കൂട്ടറിൽ തന്ത്രത്തിൽ സമീപത്തെ ക്ഷേത്രത്തിനടുത്തേക്ക് മാറി സ്ഥാപന ഉടമയെ വിവരം അറിയിച്ചു. അദ്ദേഹം പൊലീസിനെയും. അതിനിടെ മോഷ്ടാക്കൾ സ്കൂട്ടർ തള്ളി സ്റ്റാർട്ടാക്കി രക്ഷപ്പെട്ടു. വാഹന നമ്പർ സഹിതം വിവിധ സ്റ്റേഷനുകളിൽ പൊലീസ് വിവരം കൈമാറി. ഒരു മണിക്കൂറിനുശേഷം ശ്രീകണ്ഠേശ്വരത്തെ ജ്യൂസ് കടയ്ക്ക സമീപം സ്കൂട്ടർ കണ്ട ബീറ്ര് ഡ്യൂട്ടിയിലായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ ബാബു തടയാൻ ശ്രമിച്ചപ്പോൾ തോക്കുചൂണ്ടി ഈഞ്ചയ്ക്കൽ ബൈപ്പാസിലേക്ക് രക്ഷപ്പെടുകയായിരുന്നു

സിന്ധുവിന്റെ വീട്ടിൽ പകൽ ആളില്ലെന്ന് മനസിലാക്കിയാണ് ഇവരെത്തിയതെന്നാണ് നിഗമനം. സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളുടെ ചിത്രം പൊലീസിന് ലഭിച്ചു.

 സ്‌കൂട്ടർ നമ്പർ വ്യാജം

സ്കൂട്ടറിന്റെ നമ്പർ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. കഴക്കൂട്ടം ചന്തവിള സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്കൂട്ടറിന്റെ നമ്പരാണിത്. ആ സ്കൂട്ടറിന്റെ അതേ നിറമാണ് (ഗോൾഡൻ) ഇതിനും. തോക്ക് ഒറിജിനലാണോ കളിത്തോക്കാണോ എന്നതിലും വ്യക്തതയില്ല. ഡെപ്യൂട്ടി കമ്മിഷണർ അജിത്കുമാറിന്റെ മേൽനോട്ടത്തിൽ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ഉൾപ്പെടെ തെരച്ചിൽ നടത്തുന്നുണ്ട്.