■ഗവർണർക്ക് പുതിയ പരാതി
തിരുവനന്തപുരം: എട്ടു വർഷത്തെ അദ്ധ്യാപന പരിചയം വേണ്ട കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ ഒന്നാം റാങ്കിലെത്തിയ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന് ഇരുപത് ദിവസത്തെ അദ്ധ്യാപന പരിചയം മാത്രമാണുള്ളതെന്ന് ഗവർണർക്ക് പരാതി ലഭിച്ചു. വിദ്യാഭ്യാസ യോഗ്യതയോടൊപ്പം നിശ്ചിത തൊഴിൽ പരിചയവും ആവശ്യമുള്ള തസ്തികകൾക്ക്, യോഗ്യതാ പരീക്ഷ പാസ്സായതിനു ശേഷമുള്ള തൊഴിൽ പരിചയം മാത്രമേ കണക്കിലെടുക്കാൻ പാടുള്ളുവെന്ന 2014 ലെ ഹൈക്കോടതി ഉത്തരവ്. സുപ്രീംകോടതി ശരി വച്ചിട്ടുണ്ട്.
പ്രിയാ വർഗീസ് 2019ലാണ് കണ്ണൂർ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയത്. തുടർന്ന് രണ്ട് വർഷം കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റസ് സർവീസ് ഡയറക്ടറായി ഡെപ്യൂട്ടഷനിൽ നിയമിക്കപെട്ടു. 2021 ജൂൺ16 ന് തൃശ്ശൂർ കേരളവർമ്മ കോളേജിൽ പുന:പ്രവേശിച്ചു. 2021 ജൂലായ് ഏഴു മുതൽ സംസ്ഥാന ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ തുടരുന്നു. സ്റ്റുഡന്റസ് സർവീസ് ഡയറക്ടർ, ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ എന്നിവ അനധ്യാപക തസ്തികകളാണ്.
യൂജിസി ചട്ടപ്രകാരം അസോസിയേറ്റ് പ്രൊഫസറുടെ നിയമനത്തിന് ഗവേഷണബിരുദവും എട്ടു വർഷത്തെ അധ്യാപന പരിചയവുമാണ് വേണ്ടത്. 2019 ൽ പിഎച്ച്ഡി ബിരുദം നേടിയശേഷം പ്രിവർഗീസിന് ഇരുപത് ദിവസത്തെ അധ്യാപന പരിചയം മാത്രമാണുള്ളത്. 2021 നവംബർ 12 വരെ അപേക്ഷ സ്വീകരിച്ച്, തൊട്ടടുത്ത ദിവസം വിസിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം അപേക്ഷകളുടെ പ്രാഥമിക പരിശോധന നടത്തി, നവംബർ 18 ന് ഓൺലൈൻ ഇന്റർവ്യൂവിലൂടെ പ്രിയ വർഗീസിന് ഒന്നാം റാങ്ക് ലഭിച്ചു.
പ്രിയാവർഗീസ് അപേക്ഷയോടൊപ്പം സമർപ്പിച്ച സാക്ഷ്യപത്രത്തിൽ 2012 മാർച്ച് മുതൽ 2021 വരെ ഒൻപത് വർഷം കേരളവർമ്മ കോളേജിലെ അധ്യാപികയാണെന്ന് രേഖപെടുത്തിയിട്ടുണ്ട്. എന്നാൽ മൂന്നു വർഷം ഗവേഷണത്തിന് ചെലവഴിച്ചതും, രണ്ടുവർഷം കണ്ണൂർ സർവകലാശാലയിൽ ഡെപ്യൂട്ടേഷനിലായിരുന്നതും ഉൾപ്പെടുത്തിയിട്ടില്ലെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റിയുടെ പരാതിയിൽ
പറയുന്നു.