തിരുവനന്തപുരം:നവരാത്രി ആഘോഷം വിപുലമായി സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. മന്ത്രി കെ.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ തമിഴ്നാട് സർക്കാർ പ്രതിനിധികളടക്കം പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.സമയത്തിൽ കൃത്യത പാലിക്കാൻ ട്രസ്റ്റ് ഭാരവാഹികളും പൊലീസും ചേർന്ന് ഷെഡ്യൂളുണ്ടാക്കാൻ തീരുമാനമായി. മൂന്ന് ആനകൾ ആഘോഷത്തിൽ അണിനിരക്കും. പൂജപ്പുര മൈതാനത്തിന് പുറമെ കിള്ളിപ്പാലം സ്‌കൂൾ ഗ്രൗണ്ടിലും കാർണിവെൽ ഒരുക്കണമെന്ന നിർദ്ദേശം നവരാത്രി ആഘോഷ സംഘടന നേതാക്കൾ സർക്കാരിന് മുന്നിൽ അവതരിപ്പിച്ചു.പരിശോധിക്കാൻ നഗരസഭ അധികൃതരോട് മന്ത്രി നിർദ്ദേശിച്ചു. 5 ടീമുകളായി 100 പൊലീസുകാർ ഗാർഡ് ഓഫ് ഓണർ, സുരക്ഷ അടക്കമുള്ള നടപടികൾ നിർവഹിക്കും.മന്ത്രി അഹമ്മദ് ദേവർ കോവിൽ,എം.എൽ.എമാരായ സി.കെ ഹരീന്ദ്രൻ, കെ.ആൻസലൻ,തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ,ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ,കമ്മിഷണർ സ്പർജൻകുമാർ തുടങ്ങിയവരും മറ്റു വകുപ്പ് പ്രതിനിധികളും പങ്കെടുത്തു. ആരോഗ്യവകുപ്പിൽ നിന്നും ഇൻഫർമെഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പിൽ നിന്നും ആരുംമെത്തിയില്ല. സെപ്തംബർ 23 നാണ് ചരിത്ര പ്രസിദ്ധമായ ഉടവാൾ കൈമാറ്റ ചടങ്ങുകൾ തമിഴ്നാട് പത്മനാഭപുരം കൊട്ടാരത്തിൽ നടക്കുക.