തിരുവനന്തപുരം: കണ്ണൂർ വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രനെ ക്രിമിനൽ എന്ന് വിളിച്ച ഗവർണർ വി.സിയോടും പൊതുസമൂഹത്തോടും മാപ്പു പറയണമെന്ന് പ്രൈവറ്ര് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (എ.കെ.പി.സി.ടി.എ) ആവശ്യപ്പെട്ടു. രാജ്ഭവൻ കേന്ദ്രീകരിച്ചുള്ള സംഘപരിവാർ ഗൂഢാലോചനയുടെ ഒടുവിലത്തെ ഉദാഹരണമാണിത്. അദ്ധ്യാപക നിയമനത്തിന് യു.ജി.സി വ്യവസ്ഥകളാണ് സർവകലാശാലകൾ പിന്തുടരുന്നതെന്നത് മറച്ചുവച്ചാണ് നിയമനങ്ങളെയെല്ലാം ഗവർണർ അപഹസിക്കുന്നത്. ഉന്നതവിദ്യാഭ്യാസ രംഗത്തെ സർക്കാർ മികവിനെ തകർക്കാൻ ഗവർണറുടെ ഓഫീസ് പ്രവർത്തിക്കുന്നു. കേരള സർവകലാശാലയിലടക്കം ഗവർണർ നടത്തുന്ന ഇടപെടലുകൾ അക്കാഡമിക് സമൂഹത്തിന്റെ ആത്മവീര്യം കെടുത്തുന്നതാണ്. സർവകലാശാലകളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും വഴിമുടക്കുന്ന ഓഫീസായി രാജ്ഭവൻ മാറി. അക്കാഡമിക് സംസ്കാരത്തിന് നിരക്കാത്ത പ്രയോഗങ്ങൾക്ക് പറ്റിയ ഇടമല്ല കേരളം. സർവകലാശാലകളെ തകർക്കാൻ അവയുടെ അധിപൻ തന്നെയായ ഗവർണർ രംഗത്തിറങ്ങിയാൽ അക്കാഡമിക്, പൊതു സമൂഹത്തിന് നോക്കി നിൽക്കാനാവില്ലെന്നും പ്രസിഡന്റ് ജോജി അലക്സ്, ജനറൽ സെക്രട്ടറി സി.പത്മനാഭൻ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.