
തിരുവനന്തപുരം: വൈദ്യുതി മേഖലയിലെ വിപ്ളവമായ പുരപ്പുറ സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട് അറിയേണ്ടതെല്ലാം അണിനിരത്തി കൊച്ചിയിലെ നെഹ്റു സ്റ്റേഡിയത്തിൽ 26 മുതൽ ത്രിദിന റിന്യു എക്സ്പോ നടത്തുമെന്ന് കേരള റിന്യുവബിൾ എനർജി എന്റർപ്രണേഴ്സ് കോൺഫെഡറേഷൻ പ്രസിഡന്റ് എം.എസ് . മനോജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രി കെ.കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സർക്കാരിന്റെ സൗര ,പി.എം.കുസും തുടങ്ങിയ, വിവിധ പദ്ധതികൾ, സബ്സിഡി,സാമ്പത്തികനേട്ടങ്ങൾ,ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വിവിധ തരത്തിലുള്ള സോളാർ പ്ളാന്റുകൾ, ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങൾ എന്നിവ മേളയിൽ പ്രദർശിപ്പിക്കും.കെ.എസ്.ഇ.ബിയുടേയും അനർട്ടിന്റെയും പ്രത്യേക പവലിയനുകളും നാൽപത് ശതമാനം സബ്സിഡിയോടെ കെ.എസ്.ഇ.ബി.നടപ്പാക്കുന്ന പുരപ്പുറ സോളാർ പദ്ധതിക്കുള്ള രജിസ്ട്രേഷൻ കൗണ്ടറുകളും മേളയിലുണ്ടാകും. സോളാർ, വിൻഡ്, ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട രാജ്യത്തെ 200ലധികം കമ്പനികൾ പങ്കെടുക്കും. സോളാർ പദ്ധതി നടപ്പാക്കുമ്പോഴുള്ള പ്രശ്നങ്ങളും സംശയങ്ങളും പരിഹരിക്കാൻ സെമിനാറുകളും നടത്തും.
സംസ്ഥാനത്ത് 18000വീടുകളിൽ പുരപ്പുറ സോളാർ സ്ഥാപിച്ചു.ഓണക്കാലത്തോടെ ഇത് 25000ത്തിൽ എത്തിക്കും. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ ഗണ്യമായ ഒരു വിഹിതം പരിസ്ഥിതി അനുകൂല ഹരിത ഊർജ്ജമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് പുരപ്പുറ സോളാർ പദ്ധതികൾക്ക് പ്രോത്സാഹനം നൽകുന്നതെന്ന് കെ.എസ്.ഇ.ബി. ഡയറക്ടർ ആർ.സുകു പറഞ്ഞു.
എക്സ്‌പോയുടെ ലോഗോ പ്രകാശനം റസിഡൻസി ടവറിൽ നടന്ന ചടങ്ങിൽ ആർ.സുകു നിർവഹിച്ചു. എക്സപോ വെബ്‌സൈറ്റ് ലോഞ്ച് അനെർട്ട് ഡയറക്ടർ നരേന്ദ്രനാഥ് വെലൂരി നിർവഹിച്ചു.കോർ വൈസ് പ്രസിഡന്റ് മുഹമ്മദ് ഫയാസ് സലാം,സെക്രട്ടറി പി.പി.മധു,ട്രഷറർ സി.കെ.മാത്യു,ജോയിന്റ് സെക്രട്ടറി ബേബി മാത്യു,മീഡിയാ ഹെഡ് സി.റോയി,എക്സ്‌പോ കോ-ഓർഡിനേറ്റർമാരായ മണികൃഷ്ണ അയ്യർ,തുളസി ദാസ്,ഷാഹുൽ അൽ നിഷാൻ എന്നിവർ പങ്കെടുത്തു.