
തിരുവനന്തപുരം: സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ജനകീയ ചർച്ചയ്ക്ക് ഇന്ന് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് 3.30ന് മന്ത്രി വി.ശിവൻകുട്ടി പട്ടം ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നിർവഹിക്കും.
എല്ലാവരും പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമാകണമെന്ന് മന്ത്രി പറഞ്ഞു. കുട്ടികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ, പൂർവവിദ്യാർത്ഥികൾ, വിരമിച്ച അദ്ധ്യാപകർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക സംഘടനകൾ, ക്ലബുകൾ, വായനശാലകൾ, അയൽക്കൂട്ടങ്ങൾ, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി നാനാതുറകളിൽപ്പെട്ടവർക്ക് പങ്കാളികളാകാം.
കേരളത്തിന് പുറത്തുള്ളവർക്ക് പങ്കെടുക്കാനായി ഓൺലൈൻ പ്ലാറ്റ്‌ഫോം സജ്ജമാക്കും. ചർച്ചകളിലൂടെ ഉയർന്നുവരുന്ന ആശയങ്ങളും പരിഗണിച്ചാവും പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുക. ജില്ലാതല ചർച്ചകൾ പുരോഗമിക്കുകയാണ്. പരിഷ്കരിച്ച പാഠപുസ്തകം 2024ൽ കുട്ടികളിൽ എത്തിക്കലാണ് ലക്ഷ്യം.
ഉദ്ഘാടനച്ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.