പാറശാല:പത്തു ദിവസം നീണ്ടുനിൽക്കുന്ന മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.അഷ്ടദ്രവ്യ മഹാഗണപതിഹോമം,നവഗ്രഹ ശാന്തിഹോമം എന്നിവയ്ക്ക് ഇന്ന് തുടക്കമാവും.രാവിലെ 6ന് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ സാന്നിദ്ധ്യത്തിൽ സൂര്യ കൃഷ്ണമൂർത്തി ഭദ്രദീപം തെളിക്കും.ഗണപതി ഭഗവാന്റെ 32 ഭാവത്തിലുള്ള പ്രതിഷ്ഠയുള്ള ലോകത്തിലെ ഏക ക്ഷേത്രമായ മഹേശ്വരം ശ്രീ ശിവ പാർവതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ആഘോഷങ്ങൾ ഓഗസ്റ്റ് 22 മുതൽ 31 വരെ തുടരും.ഓഗസ്റ്റ് 31ന് രാവിലെ 3ന് കൊട്ടത്തേങ്ങ,ശർക്കര,തേൻ,നെയ്യ്,മലർപ്പൊടി,കരിമ്പ്,കദളിപ്പഴം,മോദകം,ഉണ്ണിയപ്പം,എള്ള് എന്നി വിഭവങ്ങൾ ചേർത്ത് അഷ്ടദ്രവ്യ കൂട്ടൂണ്ടാക്കി പ്രത്യേകം തയാറാക്കിയവ ഹോമകുണ്ഡത്തിൽ സമർപ്പിക്കുന്നതോടെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് തുടക്കമാവും.