
ആശയദാർഢ്യത്തിന്റെ ഉൾക്കരുത്തുള്ള അതിസാഹസികതയിലൂടെ ജനകീയ പ്രക്ഷോഭങ്ങൾക്കും തൊഴിലാളിവർഗ സമര പോരാട്ടങ്ങൾക്കും തീവ്രത പകർന്ന് ഭരണവർഗത്തെ വിറപ്പിച്ച ചുരുക്കം പേരേ കേരളത്തിലുള്ളൂ. അക്കൂട്ടത്തിൽ ഒരിക്കലും വിസ്മരിക്കാനാവാത്ത പേരാണ് കെ. പങ്കജാക്ഷന്റേത്. ദക്ഷിണകേരളത്തിൽ ഐതിഹാസികമായ നിരവധി തൊഴിലാളിസമരങ്ങൾക്ക് ധീരോദാത്ത നേതൃത്വം നൽകുകയും അസംഘടിത മേഖലകളിലെ തൊഴിലാളികൾക്കായി സംഘടനകൾ കെട്ടിപ്പൊക്കുകയും ചെയ്ത അതുല്യനായ തൊഴിലാളി സമരനായകൻ കെ. പങ്കജാക്ഷൻ വിടവാങ്ങിയിട്ട് നാളെ പത്ത് വർഷം തികയുന്നു.
ആറരപ്പതിറ്റാണ്ട് രാഷ്ട്രീയ, ട്രേഡ് യൂണിയൻ രംഗങ്ങളിൽ സജീവസാന്നിദ്ധ്യമായിരുന്ന പങ്കജാക്ഷന്റെ പൊതുജീവിതത്തിലെ കാൽനൂറ്റാണ്ടുകാലവും സമരമുഖങ്ങളിലായിരുന്നു. കേരളത്തിൽ ഒരു തലമുറയുടെയാകെ ഹരമായി മാറിയ കേരള സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാവായിരുന്ന ജ്യേഷ്ഠസഹോദരൻ കെ. സദാനന്ദ ശാസ്ത്രിയുടെ ധീരോദാത്തമായ പൊതുപ്രവർത്തനങ്ങളിൽ നിന്ന് ആവേശമുൾക്കൊണ്ടാണ് വിദ്യാർത്ഥിയായിരിക്കെ തന്നെ പങ്കജാക്ഷൻ തിരുവനന്തപുരത്തെ സമരവേദികളിലെത്തിയത്. തീക്ഷ്ണസമരങ്ങളിലേക്കുള്ള കാൽവയ്പായി അത്. തിരുവിതാംകൂറിലെ ആദ്യകാല തൊഴിലാളി സംഘടനകൾ മിക്കതിനും ജന്മമേകിയ അനശ്വര സോഷ്യലിസ്റ്റ് നേതാവ് കണ്ണന്തോടത്ത് ജനാർദ്ദനൻ നായരും അതിസാഹസിക സമരനായകൻ എൻ. ശ്രീകണ്ഠൻ നായരുമാണ് പങ്കജാക്ഷന്റെ സംഘടനാശേഷി കണ്ടറിഞ്ഞത്. അവരാണ് ട്രേഡ് യൂണിയൻ സംഘടനാപ്രവർത്തനത്തിലേക്കും പുതിയ യൂണിയനുകൾ കെട്ടിപ്പടുക്കുന്നതിലേക്കും അദ്ദേഹത്തെ വഴിതിരിച്ചുവിട്ടത്. തിരുവിതാംകൂറിനെ ഇന്ത്യൻ യൂണിയനിൽ ചേർക്കാൻ വിസമ്മതിച്ച് അമേരിക്കൻ മോഡൽ പ്രസിഡൻഷ്യൽ ഭരണത്തിനായി ശ്രമിച്ച ദിവാൻ സർ സി.പി. രാമസ്വാമി അയ്യർക്കെതിരെ നടന്ന സമരങ്ങളുടെ മുൻപന്തിയിൽ പങ്കജാക്ഷനുമുണ്ടായിരുന്നു.
തിരുവിതാംകൂറിനെ മാത്രമല്ല, ഇന്ത്യയെ ആകെ പ്രകമ്പനം കൊള്ളിച്ച സംഭവം നടന്നത് 1947 ജൂലായ് 25നാണ്. കുമ്പളത്ത് ശങ്കുപ്പിള്ളയുടെയും എൻ. ശ്രീകണ്ഠൻ നായരുടെയും നിർദ്ദേശപ്രകാരം അമ്പലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ സോഷ്യലിസ്റ്റ് വിപ്ലവകാരി കെ.സി.എസ്. മണി തൈക്കാട് സംഗീതകോളേജിൽ വച്ച് നൂറുകണക്കിന് പൊലീസുകാർ നിൽക്കെ ദിവാൻ സർ സി.പിയെ അതിസാഹസികമായി വെട്ടിപ്പരിക്കേല്പിച്ച ഐതിഹാസികസംഭവം നടന്നത് അന്നായിരുന്നു. അതോടെ ഭയാക്രാന്തനായ ദിവാൻ തിരുവിതാംകൂർ വിട്ടോടിപ്പോയി. രാജഭരണത്തിന് അന്ത്യം കുറിച്ച് ജനകീയഭരണത്തിന് കളമൊരുങ്ങിയത് അങ്ങനെയാണ്.
1955ൽ തിരു-കൊച്ചിയിൽ പനമ്പള്ളി ഗോവിന്ദമേനോന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ കാലം. ചവറയിലെ കരിമണൽ തൊഴിലാളികളുടെ മിതമായ ആവശ്യങ്ങൾ മുൻനിറുത്തിയുള്ള സമരത്തെ നിർദ്ദയം അടിച്ചൊതുക്കുന്ന നയമായിരുന്നു സർക്കാരിന്റേത്. പൊറുതിമുട്ടിയ തൊഴിലാളികൾ പണിമുടക്കാരംഭിച്ചു. പ്രശ്നപരിഹാരത്തിന് സർക്കാർ തയാറായില്ല. സമരം ഭരണസിരാകേന്ദ്രത്തിലേക്ക് മാറ്റാൻ യൂണിയൻ നിശ്ചയിച്ചു. സമരനേതൃത്വം പങ്കജാക്ഷനായിരുന്നു. സമരോത്സുകതയും വീറുമുള്ള മുന്നൂറ്റിയമ്പതിൽപ്പരം തൊഴിലാളികളെ വിവിധ സ്ഥലങ്ങളിൽ നിന്നായി തിരഞ്ഞെടുത്ത് തിരുവനന്തപുരത്തെത്തിച്ചു. തൊഴിലാളികളുടെ സംഘടിത പ്രഹരശേഷി സർക്കാരിനെ ബോദ്ധ്യപ്പെടുത്തുന്നതാകണം സമരമെന്ന് പിക്കറ്റിംഗ് ദിനത്തിന് തലേന്നാൾ പങ്കജാക്ഷൻ തൊഴിലാളികളോട് വിശദീകരിച്ചു.
പിക്കറ്റിംഗ് ദിനത്തിൽ രാവിലെ മൂന്ന് സംഘങ്ങളായി മൂന്നിടത്ത് നിലയുറപ്പിച്ച ശേഷം മൂന്ന് ജാഥകളായി സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നീങ്ങി. നാലുനിരകളായി നിന്ന വൻ പൊലീസ് വ്യൂഹത്തെ തള്ളിമാറ്റി സമരക്കാർ സെക്രട്ടേറിയറ്റിനകത്തെത്തിയത് ഉന്നത പൊലീസുദ്യോഗസ്ഥരെ ഞെട്ടിച്ചു. ക്രുദ്ധരായ അവർ ലാത്തിച്ചാർജ്ജിന് പൊലീസുകാർക്ക് നിർദ്ദേശം നല്കി. കണ്ണിൽ ചോരയില്ലാത്ത പൊലീസുകാർ പ്രകടനക്കാരെ മർദ്ദിച്ചവശരാക്കി. പങ്കജാക്ഷന്റെ നേതൃത്വത്തിൽ സമരഭടന്മാർ പൊലീസ് മതിൽ ഭേദിച്ച് സെക്രട്ടേറിയറ്റിനകത്തെ നിയമസഭാമന്ദിരത്തിന് മുന്നിലെത്തി. ചരിത്രത്തിലാദ്യമായി അവിടെ മുദ്രാവാക്യങ്ങൾ ഉച്ചത്തിലുയർന്നു.
നിയമസഭാ മന്ദിരകവാടത്തിന് മുന്നിലെത്തിയ പങ്കജാക്ഷനെ പത്തോളം പൊലീസുകാർ വളഞ്ഞിട്ട് ക്രൂരമായി മർദ്ദിച്ചു. ബൂട്ടിട്ട കാലുകളാൽ ചവിട്ടിയരച്ച് മൃതപ്രായനാക്കി. കേരളം അന്നേവരെ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും ഭീകരമായ പൊലീസ് മർദ്ദനമായിരുന്നു. കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയും മർദ്ദിച്ചു. ബേബി ജോൺ, കെ. ബാലകൃഷ്ണൻ, ടി.വി. തോമസ് തുടങ്ങിയവർ സ്റ്റേഷനിലേക്ക് പാഞ്ഞെത്തി. കോടതിയിൽ ഹാജരാക്കപ്പെട്ട പങ്കജാക്ഷന്റെ ദൈന്യാവസ്ഥ കണ്ട മജിസ്ട്രേറ്റ് ഉടൻ ജാമ്യമനുവദിച്ചു.
നാടിനെ ഇളക്കിമറിച്ച മറ്റൊരു ധീരോജ്ജ്വലസമരം പങ്കജാക്ഷൻ നടത്തിയത് 1958ലാണ്. തിരുവനന്തപുരം റബ്ബർ വർക്സിലെ പ്രബല യൂണിയൻ പങ്കജാക്ഷൻ ജനറൽസെക്രട്ടറിയായ സംഘടനയായിരുന്നു. യൂണിയനെ തകർക്കാൻ അതിലെ കുറേ തൊഴിലാളികളെ മാനേജ്മെന്റ് പിരിച്ചുവിട്ടു. പല സമരമാർഗങ്ങൾക്ക് ശേഷം തൊഴിലാളികൾ പണിമുടക്കാരംഭിച്ചു. എന്നിട്ടും സർക്കാർ കടുംപിടുത്തം തുടർന്നു. ഒടുവിൽ പങ്കജാക്ഷൻ വ്യവസായമന്ത്രിയുടെ ഔദ്യോഗികവസതിക്ക് മുന്നിൽ നിരാഹാരമാരംഭിച്ചു. ഒരാഴ്ച കഴിഞ്ഞിട്ടും സർക്കാർ അനങ്ങിയില്ല. പത്താംനാൾ ആരോഗ്യനില വഷളായപ്പോൾ പങ്കജാക്ഷനെ പൊലീസ് അറസ്റ്റ് ചെയ്ത് ജനറൽ ആശുപത്രിയിലാക്കി. ഭ്രാന്തന്മാരെ ചികിത്സിക്കുന്ന ഒറ്റമുറി സെല്ലിലാണ് അദ്ദേഹത്തെ പാർപ്പിച്ചതെന്നത് ജനങ്ങളെ നടുക്കി. ആശുപത്രിക്ക് മുന്നിൽ വൻ ജനക്കൂട്ടം തടിച്ചുകൂടി പ്രതിഷേധമുയർത്തി.
ആശുപത്രി സെല്ലിലും പങ്കജാക്ഷൻ നിരാഹാരം തുടർന്നു. സർക്കാരിന് പൊല്ലാപ്പായി. ബലം പ്രയോഗിച്ച് ഭക്ഷണം കഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും പങ്കജാക്ഷൻ വഴങ്ങിയില്ല. തീർത്തും അവശനായ പങ്കജാക്ഷന്റെ മൊഴി രേഖപ്പെടുത്താൻ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് ആശുപത്രിസെല്ലിലെത്തി. താൻ മരിച്ചാൽ ഉത്തരവാദി സർക്കാരും പൊലീസുമാകുമെന്ന് പങ്കജാക്ഷൻ മജിസ്ട്രേറ്റിനെ അറിയിച്ചു. പതിനഞ്ചാം ദിവസം അർദ്ധരാത്രിയിൽ സെല്ലിന്റെ വാതിൽ തുറക്കുന്നത് കേട്ടുണർന്ന പങ്കജാക്ഷൻ കണ്ടത് കേരളകൗമുദി പത്രാധിപർ കെ. സുകുമാരനെയാണ്. താനിടപെട്ട് സമരം ഒത്തുതീർപ്പാക്കിയ വിവരം പത്രാധിപർ പങ്കജാക്ഷനെ അറിയിച്ചു. അദ്ദേഹം നൽകിയ നാരങ്ങാനീര് കുടിച്ച് പങ്കജാക്ഷൻ നിരാഹാരം അവസാനിപ്പിച്ചു.
പാർട്ടിയുടെ പരിമിതശക്തിക്കുമപ്പുറത്ത് ദേശീയരാഷ്ട്രീയത്തിൽ താരത്തിളക്കത്തോടെ ജ്വലിച്ചുനിന്നവരായിരുന്നു ജോഗേഷ് ചാറ്റർജി, തൃദീപ്കുമാർ ചൗധരി, സുശീൽ ഭട്ടാചാര്യ, ബേബിജോൺ എന്നിവർ. അവർക്കുശേഷം പാർട്ടി അമരത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് കെ. പങ്കജാക്ഷന്റെ സ്വകീയപ്രവർത്തനശൈലിക്ക് കിട്ടിയ സാർവത്രിക അംഗീകാരത്തിന്റെ വിളംബരമാണ്.
കാൽനൂറ്റാണ്ട് മുമ്പ് ഇതെഴുതുന്നയാളും മകനും തിരുവനന്തപുരത്തെ ചൂഴമ്പാലയിൽ നിന്ന് പട്ടത്തെ വീട്ടിലേക്ക് വണ്ടി കാത്തുനിൽക്കെ ഒരു ഓട്ടോ കിട്ടി. അതിലിരുന്ന കപ്പടാമീശ വച്ചയാൾ എന്നോട് ജോലിയെന്താണെന്ന് ചോദിച്ചു. ആർ.എസ്.പി സംസ്ഥാനകമ്മിറ്റി ഓഫീസിലെ ഓഫീസ് സെക്രട്ടറിയാണെന്ന് പറഞ്ഞപ്പോൾ പങ്കജാക്ഷൻസാറിനെപ്പറ്റി ചോദിച്ചു. വെങ്ങാനൂരിലെ അറിയപ്പെട്ട റൗഡിയായിരുന്ന കാറ്റാടി ചെല്ലപ്പനായിരുന്നു ആൾ. പ്രത്യേക സാഹചര്യത്തിൽ മൂന്ന് പേരെ കുത്തിപ്പരിക്കേല്പിച്ച റൗഡിയായ തന്റെ കേസ് വാദിക്കാൻ വക്കീലായിരുന്ന പങ്കജാക്ഷനെ തേടിച്ചെന്നപ്പോൾ തന്നെ അടിച്ച് തോല്പിച്ചാൽ ഫ്രീയായി കേസ് വാദിക്കാമെന്ന രസികൻ നിർദ്ദേശം വച്ച കഥ ചെല്ലപ്പൻ പറഞ്ഞു. പിറ്റേന്ന് പാർട്ടി ഓഫീസിലെത്തി ചെല്ലപ്പനെ കണ്ട കഥ വിവരിച്ചപ്പോൾ "അവൻ ഫീസൊന്നും തരാതെ ജാപ്പാണം പുകയിലയും വെറ്റിലയുംകൊണ്ട് തന്നെ പാട്ടിലാക്കിയെഡേ" എന്ന് പറഞ്ഞ് പങ്കജാക്ഷൻസാർ കുലുങ്ങിച്ചിരിച്ചു.
(ആർ.എസ്.പി സംസ്ഥാന ഓഫീസ് മുൻ സെക്രട്ടറിയും ദീർഘകാലം പങ്കജാക്ഷന്റെ അനുയായിയുമായിരുന്നു ലേഖകൻ)