
തിരുവനന്തപുരം: മനുഷ്യന്റെയുള്ളിൽ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്ന കലിഭാവങ്ങൾ കാൻവാസിൽ ആവാഹിച്ച ബി.ഡി.ദത്തന്റെ കലി ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു.വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ആരംഭിച്ച ‘കലിയും കാലവും’ ചിത്രപ്രദർശനം കാണാൻ നിരവധി പേരാണ് ദിവസവും എത്തുന്നത്.കറുപ്പിലും വെളുപ്പിലും കലിഭാവം ആവിഷ്‌കരിച്ച ആറ് ചിത്രങ്ങളാണ് പ്രദർശനത്തിന്റെ മുഖ്യാകർഷണം.മുപ്പത് വർഷങ്ങൾക്ക് മുമ്പ് വരച്ച് തുടങ്ങിയ കലി ചിത്രങ്ങൾക്ക് ഓരോ വർഷം കഴിയുന്തോറും പ്രസക്തി വർദ്ധിക്കുകയാണെന്നാണ് ബി.ഡി ദത്തൻ വിശ്വസിക്കുന്നത്.കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകറാണ് പ്രദർശനം ഉദ്ഘാടനം ചെയ്‌തത്. ഫൈൻ ആർട്സ് കോളേജ് മുൻ പ്രിൻസിപ്പൽ അജയകുമാർ അദ്ധ്യക്ഷനായ ഉദ്ഘാടന ചടങ്ങിൽ സൂര്യാ കൃഷ്ണമൂർത്തി മുഖ്യാതിഥിയായി.ബി.ഡി. ദത്തൻ, മുൻ ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്‌പരാജ്, ആർട് ക്രിട്ടിക്ക് എം.എൽ.ജോണി എന്നിവരും പരിപാടിയിൽ സംസാരിച്ചു.ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ രാവിലെ 11 മുതൽ 7 വരെയാണ് പ്രദർശനം. 31 വരെ പ്രദർശനം തുടരും.