
തിരുവനന്തപുരം: സഹകരണ പ്രസ്ഥാനങ്ങളെ ആക്രമിക്കാൻ ഒറ്റപ്പെട്ട സംഭവങ്ങൾ പർവതീകരിച്ച് ചിലർ മുന്നോട്ട് വരുന്ന രീതിയെ പ്രതിരോധിക്കണമെന്ന് മന്ത്രി വി. എൻ. വാസവൻ പറഞ്ഞു. പൊലീസ് സഹകരണ സംഘത്തിന്റെ സഹകരണ സൂപ്പർ ബസാറിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സഹകരണ മേഖലയിൽ ഭാവനാപൂർണമായ പ്രവർത്തനങ്ങളാണ് സർക്കാർ ആവിഷ്‌കരിക്കുന്നത്. സഹകരണ മേഖലയുടെ വിശ്വാസ്യതയ്‌ക്ക് കോട്ടം വന്നിട്ടില്ല. അതിനെ തകർക്കാൻ ആർക്കുമാകില്ല. ജനകീയാവശ്യങ്ങൾ പരിഹരിക്കുന്ന മേഖലയായി സഹകരണ മേഖല മാറിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ഇലക്ട്രോണിക്‌സ് ഷോറൂമിന്റെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു. സഹകരണ സംഘം പ്രസിഡന്റ് ജി.ആർ. അജിത്ത് അദ്ധ്യക്ഷനായ ചടങ്ങിൽ എം. വിൻസന്റ് എം.എൽ.എ, സഹകരണ വകുപ്പ് (ജനറൽ) ജോയിന്റ് രജിസ്ട്രാർ ഇ. നിസാമുദീൻ, സിറ്റി എ.ആർ ക്യാമ്പ് കമാൻഡന്റ് ഡി. അശോക് കുമാർ, സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാർ എ. ഷെരീഫ്, പൊലീസ് സഹകരണ സംഘം വൈസ് പ്രസിഡന്റ് ആർ.ജി. ഹരിലാൽ തുടങ്ങിയവർ പങ്കെടുത്തു.