priyanka

തിരുവനന്തപുരം : സഹപ്രവർത്തകനായ സഖാവിന് കരൾ പകുത്ത് നൽകിയ ഡി.വൈ.എഫ്‌.ഐ കരകുളം മേഖല ജോയിന്റ് സെക്രട്ടറി പ്രിയങ്കയെ കാണാൻ മന്ത്രി മുഹമ്മദ് റിയാസെത്തി. പ്രിയങ്ക താമസിക്കുന്ന കരകുളത്തെ വീട്ടിൽ ഇന്നലെ വൈകിട്ട് നാലോടെയാണ് മന്ത്രി എത്തിയത്. ശസ്ത്രക്രിയ സംബന്ധിച്ച കാര്യങ്ങളും തുടർ പരിശോധന സംബന്ധിച്ച വിവരങ്ങളും മന്ത്രി ചോദിച്ചറിഞ്ഞു. പ്രിയങ്കയുടെ മകൾ തീർത്ഥയോടും മന്ത്രി സംസാരിച്ചു. പാർട്ടി നേതാക്കളായ എസ്.പി.ദീപക്ക്,ബി.ബിജു,ബി.അജിത് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

തുടർന്ന് പ്രിയങ്ക എന്ന ലോകത്തിന്റെ പ്രിയപ്പെട്ടവൾ എന്ന തലക്കെട്ടോടെ പ്രിയങ്കയുടെ സത്പ്രവൃത്തിയ മന്ത്രി ഫേസ്ബുക്കിലൂടെ അനുമോദിച്ചു. സി.പി.എം പേരൂർക്കട ഏരിയാ സെക്രട്ടറി എസ്.എസ്.രാജലാലിന്റെ രോഗവിവരം അറിഞ്ഞ് ജൂലായ് 12നാണ് പ്രിയങ്ക കരൾ പകുത്തു നൽകിയത്. ശസ്ത്രക്രിയ്ക്ക് ശേഷം വീട്ടിലെത്തിയ പ്രിയങ്ക വിശ്രമത്തിലാണ്. കൊച്ചിയിൽ ആശുപത്രിക്കു സമീപം നിരീക്ഷണത്തിൽ തുടരുന്ന രാജലാൽ സുഖം പ്രാപിച്ചുവരുന്നു.