ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സിംഗിൾ ഡ്യൂട്ടി സംവിധാനം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാരായ ആന്റണി രാജു, വി. ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ തൊഴിലാളി സംഘടനകളുമായി നടത്തിയ മൂന്നാംവട്ട ചർച്ചയും പരാജയം. പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി ഇടപെട്ടേക്കും.

12 മണിക്കൂർ ഒറ്റഡ്യൂട്ടിയായി പരിഗണിക്കാനാകില്ലെന്ന നിലപാടിൽ ടി.ഡി.എഫും ബി.എം.എസും ഉറച്ചുനിന്നതോടെയാണ് ചർച്ച വഴിമുട്ടിയത്. വ്യവസ്ഥകൾ സി.ഐ.ടി.യു അംഗീകരിച്ചെന്ന് മന്ത്രി ആന്റണി രാജു മാദ്ധ്യമങ്ങളോട് വിശദീകരിച്ചെങ്കിലും പിന്നാലെ അവർ നിഷേധിച്ചു. നിയമം അംഗീകരിക്കുന്നതാണെങ്കിലും സിംഗിൾഡ്യൂട്ടി സംവിധാനം ഫലപ്രദമല്ലെന്ന് സി.ഐ.ടി.യു നേതാക്കൾ പറഞ്ഞു.


ജോലിക്ക് ഹാജരാകുന്നതു മുതലുള്ള 12 മണിക്കൂർ ഒറ്റ ഡ്യൂട്ടിയായി പരിഗണിക്കണമെന്ന നിലപാടിലാണ് തൊഴിലാളി സംഘടനകൾ. എന്നാൽ, ബസിൽ ജോലിക്ക് നിയോഗിക്കുന്ന എട്ടുമണിക്കൂർ മാത്രമേ ഡ്യൂട്ടിയായി പരിഗണിക്കാൻ കഴിയൂ എന്ന് മാനേജ്‌മെന്റും വാദിച്ചു. ഡ്യൂട്ടി പരിഷ്‌കരണത്തിൽ മാനേജ്‌മെന്റിന്റെ വ്യവസ്ഥകൾ ശരിവച്ചുള്ള നിയമസെക്രട്ടറിയുടെ നിയമോപദേശവും ചർച്ചയ്ക്ക് എത്തിയിരുന്നു. എന്നാൽ, ഇതിനെ അംഗീകരിക്കാൻ സംഘടനകൾ തയ്യാറായില്ല.

സർക്കാർ സാമ്പത്തിക സഹായം നൽകണമെങ്കിൽ മാനേജ്‌മെന്റ് മുന്നോട്ടുവച്ച വ്യവസ്ഥകൾ അംഗീകരിക്കണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സിയെ കരകയറ്റുന്നതിനായി സർക്കാർ മുന്നോട്ടുവച്ച 250 കോടിരൂപയുടെ രക്ഷാപാക്കേജ് അനുവദിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു ഡ്യൂട്ടി പരിഷ്‌കരണ ചർച്ച.

ഇതിലെ തീരുമാനം വൈകുന്നത് സാമ്പത്തിക സഹായത്തെ തടസപ്പെടുത്തുമോയെന്ന് മാനേജ്മെന്റിന് ആശങ്കയുണ്ട്. ജൂലായിലെ ശമ്പളം ഇനിയും നൽകിയിട്ടില്ല. ഓണം അലവൻസുകൾ നൽകുന്നതിനും സാമ്പത്തിക ബാദ്ധ്യത തടസമാണ്. ഡ്യൂട്ടി പരിഷ്‌കരണത്തിലൂടെ ചെലവ് ചുരുക്കിയാൽ മാത്രമേ സാമ്പത്തിക സഹായം അനുവദിക്കാൻ കഴിയൂ എന്ന നിലപാടിലാണ് സർക്കാർ.