
തിരുവനന്തപുരം:മയക്കുമരുന്ന് ഭീഷണി നേരിടാൻ എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങളും ചെക്ക്പോസ്റ്റുകളിൽ കർശന വാഹന പരിശോധനയും നടക്കുന്നുണ്ടെന്ന് മന്ത്രി എം.വി.ഗോവിന്ദൻ നിയമസഭയിൽ പറഞ്ഞു.
എൻ.ഡി.പി.എസ് കേസുകളിലെ മുൻ പ്രതികളെ നിരീക്ഷിച്ച് കുറ്റങ്ങൾ തുടരുന്നില്ലെന്ന് ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സ്കൂൾ, കോളേജ് തലങ്ങളിൽ വിമുക്തി ബോധവൽക്കരണം നടത്തുന്നുണ്ട്. അദ്ധ്യാപകരുടെ സഹായത്തോടെ വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം ആരംഭത്തിലേ തിരിച്ചറിഞ്ഞ് കൗൺസലിംഗ് നൽകും. ലഹരിമുക്ത കേരളത്തിനായി പരിപാടികൾ നടത്തുന്നുണ്ട്. ലഹരിക്കെതിരെ ബോധവത്‌കരണത്തിനൊപ്പം ലഹരിക്ക് അടിപ്പെട്ടവർക്ക് മോചന ചികിത്സയും കൗൺസിലിംഗും നൽകുന്നു. പൊതുജന പങ്കാളിത്തത്തോടെയും സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയും ലഹരി വിരുദ്ധ പദ്ധതികൾ നടപ്പാക്കുകയാണ്.
ആദിവാസി- തീരദേശ മേഖലകളിൽ ലഹരിവർജ്ജന പ്രവർത്തനങ്ങൾക്ക് ശ്രദ്ധ നൽകുന്നുണ്ട്. ഈ മേഖലകളിലെ യുവാക്കളിലും കുട്ടികളിലും കായിക ശേഷി വർദ്ധിപ്പിക്കാനും അനഭിലഷണീയ പ്രവണതകളിൽ ഏർപ്പെടാതിരിക്കാനും ഫിറ്റ്നസ് കേന്ദ്രങ്ങൾ ആരംഭിക്കും.എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വാർഡ് മുതൽ പൊതുജന പങ്കാളിത്തത്തോടെ വിമുക്തി കമ്മിറ്റികൾ രൂപീകരിക്കും. പൊതുജനങ്ങളുടെ അഭിപ്രായങ്ങളും പരാതികളും പരിശോധിച്ച് നടപടികൾ സ്വീകരിക്കാനും ലഹരിക്ക് അടിപ്പെട്ടവർക്ക് ചികിത്സ നൽകാനും വിമുക്തി കമ്മിറ്റി സഹായകരമാണ്.