തിരുവനന്തപുരം: വീണ്ടുമൊരു ഓണക്കാലമെത്തുമ്പോൾ ബാലരാമപുരം അവണാകുഴി മണലുവിള മേക്കേതട്ട് വീട്ടിൽ വിജയമ്മയുടെ കൈകൾ അറിയാതെ തറിയുടെ ഓടം വലിച്ചുപോകും. ഓണക്കാലത്ത് ഒഴിവാക്കാനാകാത്ത മഞ്ഞക്കോടി നെയ്‌ത് അരനൂറ്റാണ്ടായി ജീവിതത്തിൽ പ്രത്യാശയുടെ ഊടും പാവും നെയ്യുകയാണ് ഈ അറുപത്തിയെട്ടുകാരി. ഓണത്തിന് ആറുമാസം മുമ്പ് നെയ്‌ത്ത് തുടങ്ങും. രാവിലെ മുതൽ വൈകിട്ടുവരെ പണിയെടുത്താൽ 60 മഞ്ഞക്കോടി നെയ്യാം. ഒരാൾക്ക് ലഭിക്കുന്ന കൂലിയാകട്ടെ 250 രൂപ മാത്രം. തൊഴിലുറപ്പിന് ഇതിനെക്കാളും കൂലിയുള്ളതിനാൽ പണിക്ക് തൊഴിലാളികളെയും കിട്ടാനില്ല. ആറ് മാസം മുമ്പ് കൂലിയിൽ 20 രൂപയുടെ വർദ്ധന വരുത്തിയിരുന്നു. ഇളയമകനും ഭാര്യ വിജിനിയും വിജയമ്മയ്‌ക്കൊപ്പം മഞ്ഞക്കോടി നെയ്യും. സീസണിൽ പന്ത്രണ്ടായിരത്തോളം മഞ്ഞക്കോടികൾ നെയ്യും. ഓണസീസൺ കഴിഞ്ഞാൽ സാധാരണ തോർത്തുകൾ മാത്രമാണ് നെയ്യുക. വിജയമ്മയുടെ മൂത്തമകൻ സജീവ് കുമാർ നെല്ലിമൂട് കോ ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരനാണ്.

യന്ത്രത്തറിയുടെ കടന്നുകയറ്റം


പവർലൂം വ്യാപകമായതോടെ പരമ്പരാഗത കൈത്തറി ഉത്പന്നങ്ങൾക്ക് ആവശ്യക്കാരില്ലാതെയായി. ഇതോടെ മുണ്ട് നെയ്‌ത്ത് നിറുത്തി. കൈത്തറി മുണ്ടിന് 900 രൂപയോളം വിപണിയിൽ വില വരുമ്പോൾ പവർലൂം മുണ്ടുകൾ 400 രൂപ മുതൽ ലഭിക്കും. സർക്കാർ സ്ഥാപനങ്ങളായ ഹാന്റക്സും ഹാൻവീവും അടക്കം പവർലൂം ഉത്പന്നങ്ങൾക്ക് പ്രാധാന്യം നൽകുമ്പോൾ നിറംകെടുന്നത് വിജയമ്മയെ പോലുള്ളവരുടെ ജീവിതങ്ങളാണ്.

നെയ്‌ത്ത് ശ്രമകരം

മഞ്ഞപ്പുടവയെന്നും അറിയപ്പെടുന്ന മഞ്ഞക്കോടി നെയ്‌ത്ത് പ്രയാസമേറിയതാണ്.ആദ്യം പാവ് രൂപപ്പെടുത്തണം.വെള്ളനൂൽ ഒരുദിവസം ചവിട്ടി നനച്ചിടണം. പിറ്റേന്ന് മഞ്ഞൾപ്പൊടിയും പശയും ചേർത്ത് കലക്കി നൂലിൽ മുക്കിവയ്ക്കും.ഈ നൂലിനെ അടുത്ത ദിവസം അരടിലിട്ട് താരാക്കി ചുറ്റിയെടുത്ത് റാട്ടിൽ ഓടിച്ച് പാവാക്കും.ഈ പാവ് പാക്കളത്തിൽ നിവർത്തിക്കെട്ടി എണ്ണയിൽ മുക്കി തണലത്ത് ഉണക്കിയെടുത്ത് റോളറിൽ ചുറ്റിയെടുത്ത ശേഷമാണ് തറിയിൽ ഇഴ നെയ്യുന്നത്. നെയ്‌ത്തിന് ഉപയോഗിക്കുന്ന ഊടിനുംപാവിനും ഒരേ നൂലാണ് ഉപയോഗിക്കുന്നത്.