
വിതുര: മലയോര മേഖലയിൽ വീണ്ടും മഴ കനക്കുന്നു. നാട്ടിൻപുറത്തെ അപേക്ഷിച്ച് വനമേഖലകളിലാണ് മഴ തിമിർത്തുപെയ്യുന്നത്. പൊൻമുടി,ബോണക്കാട്,പേപ്പാറ വനാന്തരങ്ങളിൽ മൂന്ന് ദിവസമായി കനത്ത മഴയാണ്. ഇതോടെ നദികളും,അരുവികളും നിറഞ്ഞു. വനത്തിൽ നിന്ന് ശക്തമായ മലവെള്ളപ്പാച്ചിലുമുണ്ട്.
മരങ്ങളും പാറകളും നദികളിൽ ഒഴുകിയെത്തുന്നുണ്ട്. വാമനപുരം നദിയിലെ ജലനിരപ്പും ഉയർന്നു. രണ്ടാഴ്ച മുൻപ് മലയോര മേഖലയിൽ ശക്തമായ മഴപെയ്തിരുന്നു. നദികൾ നിറഞ്ഞ് ഗതിമാറി ഒഴുകുകയും ഏക്കർകണക്കിന് കൃഷി ഭൂമി ഒലിച്ചുപോകുകയും ചെയ്തിരുന്നു. കല്ലാറും കരകവിഞ്ഞൊഴുകുകയും പാലങ്ങൾ വെള്ളത്തിൽ മുങ്ങുകയും ചെയ്തു. ബോണക്കാട്,തള്ളച്ചിറ,മക്കി എന്നിവിടങ്ങളിൽ നിന്നും അനവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു. വീണ്ടും മഴ കനത്തതോടെ മലയോരമേഖല ഭീതിയുടെ നിഴലിലാണ്. ആദിവാസി,തോട്ടം മേഖലകളിലെ ജനങ്ങൾ പ്രതിസന്ധിയിലാണ്.