
വർക്കല: വർക്കലക്കാരുടെ ചിരകാല സ്വപ്നമായ സബ് ട്രഷറി ആധുനിക സജ്ജീകരണങ്ങളോടെ ഉദ്ഘാടനത്തിനൊരുങ്ങി. വർഷങ്ങളായി ജീർണാവസ്ഥയിൽ കുടുസ് മുറികളിലായിരുന്നു ട്രഷറിയുടെ പ്രവർത്തനം. മഴക്കാലത്ത് ചോർന്നൊലിക്കുന്ന കോൺക്രീറ്റ് കെട്ടിടത്തിൽ യാതൊരുവിധ സുരക്ഷിതത്വവും ഉണ്ടായിരുന്നില്ല.
അഡ്വ. വി.ജോയി എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് സംസ്ഥാന സർക്കാരിന്റെ ട്രഷറി ഫണ്ടിൽ നിന്ന് മൂന്നരക്കോടി രൂപ അനുവദിക്കുകയും ഒന്നര വർഷത്തിന് മുൻപ് പുതിയ കെട്ടിട നിർമ്മാണം ആരംഭിക്കുകയും ചെയ്തത്. രണ്ടുനില കെട്ടിടമാണ് ഇപ്പോൾ പ്രവർത്തനസജ്ജമായിട്ടുള്ളത്.
ജില്ലയിലെ പ്രധാന ട്രഷറി ഓഫീസാണ് വർക്കലയിലുള്ളത്. വരുമാനത്തിന്റെ കാര്യത്തിലും മുൻപന്തിയിലാണ്. 15000ത്തോളം സ്ഥിരം നിക്ഷേപകരും 10000ത്തോളം സേവിംഗ് ബാങ്ക് അക്കൗണ്ടുകളും ഈ ഓഫീസിലുണ്ട്. ഒരു മാസം 50 ലക്ഷത്തിന് മുകളിൽ വെണ്ടർമാർ മുഖേന കൈമാറുന്നുണ്ട്. കോൺട്രാക്ടർമാരുടെ ബില്ലുകളും ഏകദേശം 5000ത്തോളം പെൻഷൻകാരുടെ പണമിടപാടുകളും ട്രഷറിയുടെ പരിധിയിലുള്ള ഏകദേശം 400ഓളം സർക്കാർ ഓഫീസുകളുടെ പണമിടപാടുകളും ഈ ട്രഷറി വഴിയാണ് നടക്കുന്നത്. ഏകദേശം 500ഓളം പേരാണ് വർക്കല ട്രഷറിയെ ആശ്രയിക്കുന്നത്.
ആധുനിക സജ്ജീകരണങ്ങളുള്ള സബ്ട്രഷറി നിലവിൽ വരുന്നതോടെ ഏറെനാളായി അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തിന്റെ പേരിൽ ദുരിതം അനുഭവിച്ചിരുന്ന പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഇതോടെ ലഭ്യമാകും.