
കല്ലമ്പലം: അടുത്തിടെ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ലക്ഷങ്ങൾ ചെലവഴിച്ച് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ നാവായിക്കുളം പഞ്ചായത്തിലെ ഏറ്റവും വലുതും ശങ്കരനാരായണ സ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ട് ആറാട്ട് കുളം എന്നും അറിയപ്പെടുന്ന വലിയ കുളത്തിൽ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിച്ചതായി പരാതി. ആരോ അടുത്ത സമയത്ത് മനപ്പൂർവം മാലിന്യം തള്ളിയതാണെന്നും പറയപ്പെടുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട വാർഡ് മെമ്പർ നാവായിക്കുളം അശോകൻ ശക്തമായ നടപടിയുണ്ടാകുമെന്ന് അറിയിച്ചു.
കുളത്തിന്റെ ഒരു ഭാഗം ദേവസ്വം ബോർഡും ബാക്കി ഇറിഗേഷൻ വകുപ്പും പഞ്ചായത്തുമാണ് നോക്കുന്നത്.പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം തള്ളൽ പഞ്ചായത്തിലെ പൊതുസ്ഥലങ്ങളിൽ വർഷങ്ങളായി നടക്കുന്നുണ്ട്. ശക്തമായ നടപടി ഇല്ലാത്തതാണ് മാലിന്യ നിക്ഷേപത്തിന് കാരണം.
രണ്ട് ആഴ്ച മുമ്പാണ് തൃക്കോവിൽവട്ടം പാടത്ത് മാലിന്യം തള്ളിയത്.ഇത് അടിക്കടി ദേശിയപാതയോരത്തും തള്ളുന്നതായും പരാതിയുണ്ട്.പഞ്ചായത്തിൽ ഹരിതകർമ സേനയുടെ പ്രവർത്തനം സജീവമാണ്. അജൈവമാലിന്യ സംഭരണത്തിനായി ഇരുപത്തെട്ടാംമൈൽ മാർക്കറ്റിനു ഉള്ളിൽ മാലിന്യ സംഭരണകേന്ദ്രം സ്ഥാപിക്കുകയും പ്രവർത്തനം തുടങ്ങുകയും ചെയ്തു.പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഇവിടെ സംഭരിക്കാൻ സംവിധാനം ഉള്ളപ്പോഴാണ് കുളത്തിലേക്ക് വലിച്ചെറിയുന്നത്.