
തിരുവനന്തപുരം: അക്കാഡമിക് പ്രവർത്തനങ്ങളിൽ മാത്രമല്ല പൊതുവേദികളിലും സജീവ സാന്നിദ്ധ്യമായിരുന്നു പ്രൊഫ. വി.കെ. സുകുമാരൻ നായരെന്ന് അദ്ദേഹത്തിന്റെ ആദ്യകാല വിദ്യാർത്ഥിയും മുൻ ഡി.ജി.പിയുമായ ഡോ. പി.ജെ അലക്സാണ്ടർ . കേരള യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും പൊളിറ്റിക്കൽ സയൻസ് വിഭാഗം മുൻ അദ്ധ്യക്ഷനുമായ ഡോ.സുകുമാരൻ നായരുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൊളിറ്റിക്സ് ഡിപ്പാർട്ട്മെന്റും പൂർവ വിദ്യാർത്ഥി സംഘടനയും സംഘടിപ്പിച്ച ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു പൊളിറ്റിക്കൽ സയൻസ് അലുമ്നി അസോസിയേഷൻ പ്രസിഡന്റുകൂടിയായിരുന്ന ഡോ.പി.ജെ. അലക്സാണ്ടർ. വൈസ് ചാൻസലർ പ്രൊഫ.വി.പി. മഹാദേവൻ പിള്ള ഉദ്ഘാടനം ചെയ്തു. കൊവിഡ് മഹാമാരി അന്തർദ്ദേശീയ ബന്ധങ്ങളെയും സാരമായി ബാധിച്ചതായി മുഖ്യപ്രഭാഷണം നടത്തവേ മുൻ അംബാസഡർ ടി.പി .ശ്രീനിവാസൻ പറഞ്ഞു. യു. എൻ സുരക്ഷാ സമിതിയുടെ ആലോചനായോഗം ചേരുന്നതിനുപോലും സമിതി അദ്ധ്യക്ഷനായ ചൈന ശ്രമിച്ചില്ലെന്ന് ടി.പി. ശ്രീനിവാസൻ പറഞ്ഞു.പ്രൊഫ. ബി. വിവേകാനന്ദൻ രചിച്ച മാറുന്ന അന്തർദേശീയ ബന്ധങ്ങളും ഇന്ത്യയുടെ അനിവാര്യതകളും എന്ന പുസ്തകം ടി.പി ശ്രീനിവാസൻ പ്രകാശനം ചെയ്തു. പൊളിറ്റിക്കൽ സയൻസ് വിഭാഗം തലവൻ പ്രൊഫ. ഗിരീഷ് കുമാർ .ആർ, ഡോ. ടി.പി.ശങ്കരൻകുട്ടി നായർ, ഡോ. ആർ.കെ.സുരേഷ് കുമാർ, ഡോ. ജി. ജയകുമാർ, ഡോ. കെ. മോഹൻകുമാർ, ഡോ.പി. സുകുമാരൻ നായർ,പ്രൊഫ. ജോസുകുട്ടി തുടങ്ങിയവർ പങ്കെടുത്തു.