vizhinjam

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ തൂത്ത് തരിപ്പണമാക്കി കണ്ണൂരിലേക്ക് പറഞ്ഞയക്കേണ്ടി വന്നാലും ഞങ്ങൾ സമരം ജയിച്ചിട്ടേ അടങ്ങുകയുള്ളൂവെന്ന് വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ.തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു. വാ തുറന്നാൽ നികൃഷ്‌ട ജീവി, കടക്കുപുറത്ത് എന്നൊക്കെ പറയുന്ന ആ ചങ്കന്റെ ധൈര്യമൊന്നും ഈ ചങ്കന്മാരുടെ അടുത്തുവേണ്ട. സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യാഥാർത്ഥ്യം മനസിലാക്കുന്നില്ല. അദാനി അശാസ്ത്രീയമായി നിർമ്മിക്കുന്ന തുറമുഖത്തെ ഇവിടെനിന്നും എന്നെന്നേക്കുമായി നിറുത്തലാക്കാതെ മത്സ്യത്തൊഴിലാളികൾ സമരത്തിൽനിന്നും അണുവിട വ്യതിചലിക്കില്ല.

തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് ആരെങ്കിലും കൈക്കൂലി പറ്റിയിട്ടുണ്ടെങ്കിൽ അത് തിരിച്ചു കൊടുത്ത് മിണ്ടാതെ തിരിച്ചുപോകാൻ അദാനിയോട് പറയണം. പദ്ധതി നിറുത്തിവച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കൂ. അല്ലെങ്കിൽ 50,000ത്തോളം വരുന്ന മത്സ്യത്തൊഴിലാളികളെ സർക്കാർ സമൂലം നശിപ്പിച്ചതിനുശേഷം മാത്രമേ പണി നടക്കുകയുള്ളൂ. 29ന് പെരുമാതുറ മുതൽ വിഴിഞ്ഞം വരെ വള്ളങ്ങൾ നിരത്തി സമരം നടത്തും.