uc

കാട്ടാക്കട: എഴുതിയ പരീക്ഷകളിലെല്ലാം ചെറുപ്രായത്തിൽ ഇടംനേടിയതിന്റെ ത്രില്ലിലാണ് ഹരിചന്ദ്. കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂർ കടമാൻകുന്ന് സ്വദേശിയാണ് ഹരിചന്ദ് (23).

അർപ്പണ ബോധവും കഠിനാദ്ധ്വാനവും ഉണ്ടെങ്കിൽ ഒരു പരീക്ഷയും പേടികൂടാതെ അഭിമുഖീകരിക്കാനും ലിസ്റ്റിൽ കടന്നുകയറാനും കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ യുവാവ്. അഞ്ച് പി.എസ്.സി മത്സരപരീക്ഷകളുടെ റാങ്ക് ലിസ്റ്റിലാണ് ഹരിചന്ദ് ഇടംനേടിയിരിക്കുന്നത്.

കേരള ഹൈക്കോടതിയുടെ അറ്റൻഡർ പരീക്ഷയിൽ സംസ്ഥാനതലത്തിൽ മൂന്നാം റാങ്ക് നേടി നിയമന ഉത്തരവും ലഭിച്ചു. വയനാട് ജില്ലയുടെ എൽ.ഡി ക്ലാർക്ക് പരീക്ഷയിൽ 34-ാമത്തെ റാങ്കുകാരനാണ്. കേന്ദ്രസർക്കാർ സ്ഥാപനമായ സെന്റർ ഫോർ ഡെവലപ്മെന്റ് ഒഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ് (സിഡാക്ക്) എന്ന സ്ഥാപനം ഓൾ ഇന്ത്യ തലത്തിൽ നടത്തിയ മത്സര പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി.

മലപ്പുറം ജില്ലയുടെ എൽ.ജി.എസ് പരീക്ഷയുടെ പതിമൂന്നാമത്തെ റാങ്കുകാരനാണ് ഹരിചന്ദ്. ഫയർമാൻ റാങ്ക് ലിസ്റ്റിൽ ഷോർട്ട് ലിസ്റ്റിലും കടന്നുകൂടിയിട്ടുണ്ട്. ഗണിതശാസ്ത്രത്തിൽ ബിരുദധാരിയായ ഇദ്ദേഹം ഡിഗ്രി പഠനത്തിന് ശേഷം രണ്ടു വർഷത്തിലധികമായി ആര്യനാട് ഗ്രാമപഞ്ചായത്ത് പബ്ലിക്ക് മാർക്കറ്റിനുള്ളിൽ നടത്തുന്ന എച്ച്.ആർ.ഡി.സി എന്ന പി.എസ്.സി പരിശീലന സ്ഥാപനത്തിലെ വിദ്യാർത്ഥിയും അദ്ധ്യാപകനും കൂടിയാണ്. എച്ച്.ആർ.ഡി.സിയിലെ 19 ഉദ്യോഗാർത്ഥികളാണ് ഈ വർഷം റാങ്ക് ലിസ്റ്റിൽ ഇടംനേടിയത്. ആര്യനാട് കെ.എസ്. ആർ.ടി.സി ഡിപ്പോയിലെ സീനിയർ കണ്ടക്ടറും മുൻകാല പാരലൽ കോളേജ് അദ്ധ്യാപകനുമായ കോട്ടൂർ ജയചന്ദ്രന്റെ മകനാണ് ഹരിചന്ദ്.