വർക്കല: പാലച്ചിറയിൽ റോഡ് കൈയേറി അനധികൃതമായി കച്ചവടം നടത്തുന്നത് ഒഴിപ്പിക്കുന്നതിനിടെ യുവതിയുടെ ആത്മഹത്യാശ്രമം. ചൊവ്വാഴ്ച രാവിലെ 10.30ഓടെ പാലച്ചിറയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പച്ചക്കറി കച്ചവടം നടത്തുന്ന പാലച്ചിറ സ്വദേശിയായ ബിന്ദുവാണ് (42) പെട്രോൾ തലയിൽ ഒഴിച്ചത്. പൊലീസുകാരും നാട്ടുകാരും ചേർന്ന് വെള്ളം തലയിലൊഴിച്ച് ഇവരെ അനുനയിപ്പിച്ചശേഷം പ്രാഥമിക ചികിത്സയ്‌ക്കായി ആശുപത്രിയിലേക്ക് മാറ്റി.
ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള പാലച്ചിറയിൽ ഏറെനാളായി റോഡ് കൈയേറി അനധികൃത കച്ചവടം നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് പഞ്ചായത്ത് ഒരാഴ്ച മുമ്പ് നോട്ടീസ് നൽകിയെങ്കിലും കച്ചവടക്കാർ ഒഴിഞ്ഞുമാറിയിരുന്നില്ല. തുടർന്നാണ് ഇന്നലെ രാവിലെ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ പൊലീസിന്റെ സഹായത്തോടെ പാലച്ചിറയിലെത്തി ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്.